തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയിൽ നിന്നും പരാതിയില്ലെന്ന് എഴുതി വാങ്ങിയതുകൊണ്ട് പ്രശ്‌നം തീരുന്നില്ലെന്നും പാപക്കറ മാറുമോയെന്ന് എസ്.എഫ്.ഐ ആത്മപരിശോധന നടത്തണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്തണമെന്നും എസ്.എഫ്.ഐയുടെ കാമ്പസ് ഫാസിസം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് രക്തസാക്ഷി മണ്ഡപത്തിൽ കെ.എസ്.യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ മൂല്യവും സൗഹൃദവും ഉയർത്തിപ്പിടിച്ചുള്ള രാഷ്ട്രീയപ്രവർത്തനമാണ് കലാലയങ്ങളിൽ വേണ്ടത്.
ബംഗാളും കേരളവും വിദ്യാർത്ഥി രാഷ്ട്രീയത്തിന് മാതൃകയായിരുന്നു. വ്യത്യസ്ത വിദ്യാർത്ഥി സംഘടനകൾ കാമ്പസുകളിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ എസ്.എഫ്.ഐയും എ.ബി.വി.പിയും ജനാധിപത്യവിരുദ്ധമായി പ്രവർത്തിച്ച് ആശയ പോരാട്ടത്തിന് പകരം മസിൽ പവർ കാണിക്കുകയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ യൂണിവേഴ്‌സിറ്റി കോളജ് കാര്യവട്ടത്തേക്ക് മാറ്റുകയും ഇവിടത്തെ കെട്ടിടങ്ങൾ പൊളിച്ചുകളയുകയോ ചരിത്ര മ്യൂസിയമാക്കുകയോ ചെയ്യണമെന്ന് കെ.മുരളീധരൻ എം.എൽ.എ പറഞ്ഞു.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉപവാസത്തിന് നേതൃത്വം നൽകി. കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ, എം.എൽ.എമാരായ കെ. മുരളീധരൻ, വി.എസ്. ശിവകുമാർ കെ.പി.സി.സി ജനറൽ സെക്രട്ടറി ശരത്ചന്ദ്രപ്രസാദ്, എം.ആർ തമ്പാൻ, കാട്ടൂർ നാരായണപിള്ള, കെ..എം. ഷാജഹാൻ, ആർ.എസ്. ശശികുമാർ, ജി.എസ്. ബാബു തുടങ്ങിയവർ പങ്കെടുത്തു.