water-allergic

ലണ്ടൻ: നിത്യവും കുളിക്കണം. ദാഹിക്കുമ്പോഴെല്ലാം വെള്ളം കുടിക്കണം. പിന്നെ തുണിയലക്കണം... അങ്ങനെ നിത്യജീവിതത്തിൽ വെള്ളത്തിനുള്ള സ്ഥാനം വളരെ വലുതാണ്. വെള്ളമില്ലാത്ത ഒരു ദിനം സങ്കല്പിക്കാൻപോലുമാകില്ല. എന്നാൽ വെള്ളത്തിൽ തൊടാൻ പോലുമാകാത്ത അവസ്ഥ വന്നാലോ?കിഴക്കൻ സസെക്‌സിലെ നിയ സെൽവേ എന്ന 21 കാരിക്ക് വെള്ളത്തിന്റെ അടുത്തുപോലും പോകാനാവില്ല. വെള്ളം അലർജിയായ അക്വാജെനിക്ക് പ്രൂരിട്ടസ് എന്ന അവസ്ഥയാണ് അവർക്ക്.

ശരീരത്തിലെവിടെയെങ്കിലും വെള്ളം വീണാൽ ശരീരം മുഴുവൻ ചുവന്നു തടിക്കും. ഒപ്പം കഠിനമായ വേദനയും പുകച്ചിലും അനുഭവപ്പെടും. മണിക്കൂറുകളോളം വേദന നീണ്ടുനിൽക്കും. കുളി മാത്രമല്ല കണ്ണീരും വിയർപ്പും പ്രശ്നം തന്നെയാണ്. ഇൗ അവസ്ഥകാരണം നിയയ്ക്ക് വീടിനു പുറത്തേക്ക് പോവാനോ ജോലി ചെയ്യാനോ പറ്റാത്ത അവസ്ഥയാണ്. നല്ല ശമ്പളം കിട്ടിയിരുന്ന ജോലിയും രാജിവയ്ക്കേണ്ടിവന്നു. വീട്ടുജോലി ചെയ്യാൻ പോലും ആവുന്നില്ല. എപ്പോഴും എ.സിയുടെയോ ഫാനിന്റെയോ ചുവട്ടിലിരിക്കണം.

അഞ്ച് വയസിലാണ് അലർജി ആദ്യമായി കണ്ടത്. ആദ്യമൊന്നും കാര്യമാക്കിയില്ല. പക്ഷേ, പ്രായംകൂടിയതോടെ പ്രശ്നം വഷളായി. അടുത്തിടെ സ്ഥിതി കൂടുതൽ കടുത്തു. വല്ലപ്പോഴും വന്നിരുന്ന പ്രശ്‌നം പതിവായി.

രോഗം മാറ്റാൻ കാണാത്ത ഡോക്ടർമാരില്ല. പോകാത്ത ആശുപത്രികളില്ല. എല്ലാവരുടെയും പരീക്ഷണവസ്തുവായി. പക്ഷേ. രോഗംമാത്രം മാറിയില്ല. അത് കൂടിക്കൊണ്ടേയിരുന്നു. യഥാർത്ഥ കാരണം കണ്ടെത്താൻ ഡോക്ടർമാർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.

താൻ അനുഭവിക്കുന്ന ദുരിതം മാറുമെങ്കിൽ ലോകത്തിലെവിടെയും ചികിത്സയ്ക്കുപോകാൻ നിയ തയ്യാറാണ്.

യൂട്യൂബ് സ്റ്റാറാണ് നിയ. ഒന്നരലക്ഷത്തോളം സബ്‌സ്‌ക്രൈബർമാരാണ് ഇവർക്കുള്ളത്.