ജീവിതത്തിന്റെ ഏഴ് പതിറ്റാണ്ടോളം മലയാള സിനിമാരംഗത്ത് പ്രവർത്തിച്ച ആർ.എസ്. പ്രഭു എന്ന പ്രതിഭയെ ഇന്നത്തെ പല സിനിമാക്കാർക്കും അറിയില്ലെന്നതാണ് യാഥാർത്ഥ്യം. ഇന്ന് അദ്ദേഹത്തിന് 90 വയസാകുന്നു. 1950 ൽ നിർമ്മിച്ച രക്തബന്ധം എന്ന ചിത്രത്തിൽ അഭിനേതാവും പ്രൊഡക്ഷൻ മാനേജരുമായിരുന്നു അദ്ദേഹം. റെപ്രസെന്റേറ്റീവ്, വിതരണക്കമ്പനിയിൽ അസിസ്റ്റന്റ് മാനേജർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം പിന്നീട് സംവിധായകനുമായി.പ്രഭുവെന്ന പേര് ആ കാലഘട്ടത്തിലെ സിനിമയുടെ അവിഭാജ്യഘടകമായിരുന്നു.
1954ൽ ടി.കെ. പരീക്കുട്ടിയുടെ ചന്ദ്രതാരാ പ്രൊഡക്ഷനിലെത്തിയ പ്രഭു അവരുടെ ഒൻപതു ചിത്രങ്ങളുടെയും നിർമ്മാണ സാരഥിയായിരുന്നു. പി. ഭാസ്കനും രാമുകാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത 'നീലക്കുയിൽ", പി. ഭാസ്കരന്റെ 'രാരിച്ചൻ എന്ന പൗരൻ",എസ്.രാമനാഥൻ സംവിധാനം ചെയ്ത നാടോടികൾ രാമുകാര്യാട്ടിന്റെ 'മുടിയനായ പുത്രൻ, മൂടുപടം, വൈക്കം മുഹമ്മദ് ബഷീറെഴുതി വിൻസന്റ് സംവിധാനം ചെയ്ത ഭാർഗവീനിലയം, എസ്.എസ്. രാജൻ സംവിധാനം ചെയ്ത തച്ചോളി ഒതേനൻ, കുഞ്ഞാലിമരയ്ക്കാർ, വിൻസന്റ് സംവിധാനം ചെയ്ത ആൽമരം എന്നിവയാണ് ആ ചിത്രങ്ങൾ . 1968ൽ എത്യോപ്യയിൽ നടന്ന ഫിലിം ഫെസ്റ്റിവലിൽ കുഞ്ഞാലിമരയ്ക്കാർ പ്രദർശിപ്പിക്കപ്പെട്ടു. അതിൽ നിർമ്മാതാവും സംവിധായകനും പ്രഭുവും പങ്കെടുക്കുകയുണ്ടായി. 1966ൽ 'രാജമല്ലി ' എന്ന ചിത്രം നിർമ്മിച്ച് സംവിധാനം ചെയ്തു. സാമ്പത്തികമായി വിജയിക്കാത്തതിനാൽ സംവിധാനം വേണ്ടെന്നുവച്ച് വീണ്ടും പ്രൊഡക്ഷൻ എക്സിക്യുട്ടീവായി. നിണമണിഞ്ഞ കാല്പാടുകൾ, മുറപ്പെണ്ണ്, അശ്വമേധം എന്നീ ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഉപദേഷ്ടാവുമായി. കൊല്ലത്തെ മലയാള രാജ്യത്തിലെ മാധവൻകുട്ടിയുമായി പങ്കുചേർന്ന് എം.ടി. വാസുദേവൻനായരുടെ അസുരവിത്ത് നിർമ്മിച്ചു. സംവിധാനം വിൻസന്റായിരുന്നു. 1969ൽ പരീക്കുട്ടി അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ അവകാശികൾക്ക് സിനിമയിൽ താത്പര്യമില്ലാത്തതിനാൽ പ്രഭുവിന് സ്ഥാപനം വിടേണ്ടിവന്നു.
1970ൽ ചിത്രാലയാ ശ്രീധറിനുവേണ്ടി, 'ത്രിവേണി ' എന്ന മലയാളചിത്രം നിർമ്മിച്ചു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി . 1971ൽ പ്രഭു സ്വന്തം സ്ഥാപനമായ ''ശ്രീ രാജേഷ് ഫിലിംസ് " എന്ന ബാനറിൽ 'ആഭിജാത്യം" നിർമ്മിച്ചു. സംവിധാനം: വിൻസന്റ്. ഈ ചിത്രത്തിന് അക്കൊല്ലത്തെ 'ഫിലിം ഫെയർ" അവാർഡ് ലഭിച്ചു. പിന്നീട് ഈ ബാനറിൽ പന്ത്രണ്ട് ചിത്രങ്ങൾ കൂടി നിർമ്മിച്ചു. തീർത്ഥയാത്ര (സംവിധാനം: വിൻസന്റ്), തെക്കൻ കാറ്റ്, ആരണ്യകാണ്ഠം, അഭിമാനം, അമൃതവാഹിനി, അപരാജിത (സംവിധാനം: ശശികുമാർ) , അനുഭൂതികളുടെ നിമിഷം (ആദ്യത്തെ എട്ട് ചിത്രങ്ങളും ബ്ളാക്ക് ആൻഡ് വൈറ്റ് ആയിരുന്നു. ) 1979ൽ 'അഗ്നിവ്യൂഹം", അധികാരം, 1984ൽ 'അരങ്ങും അണിയറയും", 'അവതാരം", 1981ൽ ആയുധം എന്നീ വർണ ചിത്രങ്ങളും നിർമ്മിച്ചു. പ്രമുഖ സംവിധായകരും അഭിനേതാക്കളും ഉൾപ്പെട്ടതായിരുന്നു പ്രഭു ബന്ധപ്പെട്ട ചിത്രങ്ങൾ.
മലയാള ചലച്ചിത്ര പ്രവർത്തകർക്കായി ഒരു സംഘടന ഇല്ലായിരുന്നതിനാൽ രാമുകാര്യാട്ടും പ്രഭുവും ചേർന്ന് 1966ൽ ആരംഭിച്ച 'മലയാള ചലച്ചിത്ര പരിഷത്ത് " കഴിഞ്ഞ 53 കൊല്ലമായി ചെന്നൈയിൽ പ്രവർത്തിച്ചുവരുന്നു. 1980 ഓടെ മലയാള സിനിമ കേരളത്തിലേക്ക് ചേക്കേറിയെങ്കിലും സിനിമാ നിർമ്മാണം പുതിയ ദിശയിലേക്ക് തിരിഞ്ഞതിനാലും രണ്ട് മക്കൾ ജനിച്ചു വളർന്നതും പഠിച്ചതും ചെന്നൈയിലായതിനാലും അദ്ദേഹത്തിന് അവിടം വിടാനായില്ല.