eru

തിരുവനന്തപുരം: മഴക്കാലം അടുത്തതോടെ എരുമക്കുഴിക്കാരുടെ മനസിൽ ആധി തുടങ്ങി. മഴവെള്ളത്തിൽ മാലിന്യക്കൂന ഒഴുകി വീടുകളിലെത്താതിരിക്കാൻ എന്തുചെയ്യുമെന്ന ചിന്തയിലാണ് അവർ. നഗരസഭയേയും കൗൺസിലറേയും പലതവണ കണ്ട് സങ്കടം പറഞ്ഞെങ്കിലും നടപടിയുമുണ്ടായില്ല. വിളപ്പിൽശാല മാലിന്യ സംസ്കരണ പ്ളാന്റ് അടച്ചുപൂട്ടിയശേഷം വർഷങ്ങളായി അട്ടക്കുളങ്ങര ബൈപാസിന്റെ വശത്തുള്ള എരുമക്കുഴിയിൽ മാലിന്യം കുന്നുകൂടുകയാണ്. നഗരസഭാ ജീവനക്കാർ ഇടയ്ക്കിടെ കത്തിച്ച് കളയാൻ ശ്രമിക്കുന്നുന്നത് കൂനിന്മേൽ കുരുവെന്നപോലെയാവുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ പുകഞ്ഞുകത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. വീണ്ടും മാലിന്യം തള്ളുന്നത് അവസ്ഥ പരിതാപകരമാക്കി. മാലിന്യങ്ങൾ തൊട്ടടുത്ത ബൈപാസിലേക്ക് എത്താതിരിക്കാൻ സ്ഥാപിച്ചിരുന്ന ഷീറ്റുകൾ നശിച്ചതോടെ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള പാഴ് വസ്തുക്കൾ റോഡിലേക്ക് വ്യാപിച്ച് തുടങ്ങി.

നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളുമുള്ള ഇവിടെ ദുർഗന്ധത്താൽ ജനം പൊറുതിമുട്ടുകയാണ്.പൊതു സ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്നവരെ കണ്ടെത്താൻ ഓപ്പറേഷൻ ഈഗിൾ ഐ പ്രഖ്യാപിച്ച നഗരസഭ എരുമക്കുഴിയിലെ മാലിന്യം സംസ്കരിക്കാനും ഉചിതമായ നടപടികൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മാലിന്യബോംബ്

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടൺ കണക്കിന് മാലിന്യമാണ് ഇവിടെ പുകഞ്ഞ് കത്തിക്കൊണ്ടിരിക്കുന്നത്. ഏത് നിമിഷവും ഇത് ആളിക്കത്താം. തൊട്ടടുത്തുളള എയ്റോബിക് ബിൻ യൂണിറ്റുകളിലേക്കോ, നഗരസഭയുടെ പാർക്കിംഗ് യാർഡിലേക്കോ തീ പടരാൻ നിമിഷം മതി.

ചാല ഈ മാലിന്യ ബോംബിന്റെ തൊട്ടടുത്താണ്. മാലിന്യക്കൂനയോട് ചേർന്ന് കെ.എസ്.ഇ.ബിയുടെ ട്രാൻസ് ഫോർമറുമുണ്ട്. മതിലിനപ്പുറം ലക്ഷങ്ങളുടെ ആക്രിസാധനങ്ങൾ സംഭരിച്ചിരിക്കുന്ന ഗോഡൗണുകളും അട്ടക്കുളങ്ങര- കിള്ളിപ്പാലം ബൈപാസിൽ ലോറികൾ ഉൾപ്പെടെ വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രവുമാണ്.

എരുമക്കുഴി

 മാലിന്യം കുമിഞ്ഞ് കൂടിയിട്ട് പത്തുവ‌ർഷം

 നീറിപ്പുകയുന്നത് നൂറ് ലോഡിലേറെ മാലിന്യം

 ചാലയിൽ നിന്ന് വിളപ്പിൽശാല പ്ളാന്റിൽ പോയിരുന്നത് ദിവസേന 25 ലോഡ്

 എരുമക്കുഴിയിൽ 30 എയ്റോബിക് ബിന്നുകളിലായി മൂന്നുമാസം സംസ്കരിക്കുന്നത് 45 ടൺ മാലിന്യം

'' എരുമക്കുഴിയിലെ മാലിന്യം ഏറ്റെടുക്കാൻ സന്നദ്ധരായി ചിലർ നഗരസഭയെ സമീപിച്ചിട്ടുണ്ട്. മഴയ്ക്ക് മുമ്പ് പരമാവധി മാലിന്യം ഇവിടെ നിന്ന് നീക്കാനാകുമെന്നാണ് കരുതുന്നത്. ഉറവിട മാലിന്യ പദ്ധതി വ്യാപകമായതോടെ മാലിന്യത്തിന്റെ വരവ് നന്നേ കുറഞ്ഞിട്ടുണ്ട്.കെട്ടികിടക്കുന്ന മാലിന്യം നീക്കം ചെയ്തശേഷം ഇവിടെ മാലിന്യം ഉപേക്ഷിക്കുന്നത് ശാശ്വതമായി തടയാൻ ആവശ്യമായ നടപടി കൈക്കൊള്ളും.

ഹെൽത്ത് ഓഫീസർ, നഗരസഭ