ബീജിംഗ്: യുവാവിന്റെ ചെവിയ്ക്കുള്ളിൽ താമസമാക്കിയ ചിലന്തി അവിടെ വലയും കെട്ടി. ഇതൊന്നുമറിയാത്ത യുവാവ് അസഹ്യമായ ചെവിചൊറിച്ചിലുമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്. ചൈനയിലാണ് സംഭവം.
ലീ എന്ന യുവാവിന്റെ ചെവിയിലാണ് ചിലന്തി സ്ഥിരതാമസമാക്കിയത്. കഠിനമായ ചെവിചൊറിച്ചിലുമായാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. ആദ്യ പരിശോധനയിൽ ഒന്നും കണ്ടെത്താനാൻ കഴിഞ്ഞില്ല. ചെവിയിലൊഴിക്കാനുള്ള മരുന്നുകൊടുത്ത് വീട്ടിൽ വിട്ടു. ചൊറിച്ചിൽ മാറാതായതോടെ വീണ്ടും ആശുപത്രിയിൽ എത്തി. മൈക്രോസ്കോപ്പ് ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് എട്ടുകാലിയെ കണ്ടെത്തിയത്. തുടർന്ന് ചിലന്തിയുടെ നീക്കങ്ങൾ ചെറിയ ക്യാമറ ഉപയോഗിച്ച് പകർത്തി.
ഡോക്ടർമാർ പരിശോധിക്കുമ്പോൾ ചിലന്തി ചെവിക്കകത്ത് വല നെയ്യുകയായിരുന്നു. വളരെ ചെറിയ ചിലന്തി യായതിനാൽ പുറത്തെടുക്കാനും ഏറെ ബുദ്ധിമുട്ടി. ലിയുടെ ആരോഗ്യത്തിന് പ്രശ്നമൊന്നുമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ചിലന്തി ചെവിക്കുള്ളിൽ എങ്ങന കടന്നു എന്നകാര്യം വ്യക്തമല്ല. ചെവി വൃത്തിയായി സൂക്ഷിച്ചിരുന്നെങ്കിൽ ഇൗ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
ചിലന്തി ചെവിക്കുള്ളിൽ വലനെയ്യുന്നതിന്റെയും, ചിലന്തിയെ ഡോക്ടർമാർ പുറത്തെടുക്കുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ തകർത്തോടുകയാണ്. നേരത്തേയും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.