മുടപുരം :ആരോഗ്യ ജാഗ്രത പ്രവർത്തനത്തിന്റെ ഭാഗമായി നാഷണൽ ഹൈവേയിലെ മാലിന്യം നീക്കം ചെയ്യാൻ മംഗലപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ താക്കീതുമായിട്ടാണ് ഗ്രാമപഞ്ചായത്തിൽ ജനങ്ങൾ രംഗത്തിറങ്ങിയത്. നഗരത്തോടു അടുത്തുകിടക്കുന്ന ഈ ഗ്രാമപഞ്ചായത്തിലെ നാഷണൽ ഹൈവേയുടെ ഇരു ഭാഗങ്ങളിലും മാലിന്യങ്ങൾ കൊണ്ട് വന്നിടുന്നത് സാധാരണമായിരിക്കുകയാണ്. നാഷണൽ ഹൈവേയിൽ കുറക്കോട് മുതൽ കോരാണി വരെയുള്ള അഞ്ചു കിലോമീറ്ററിൽ
ഇരു ഭാഗങ്ങളിലും മാലിന്യം തള്ളുന്നത് പതിവാണ്. ഈ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഇന്നലെ
സംസ്ഥാന സർക്കാരിന്റെയും ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി മംഗലപുരം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കുടുംബശ്രീ പ്രവർത്തകർ ആശാവർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ രണ്ടായിരത്തോളം വരുന്ന ജനങ്ങൾ സന്നദ്ധ സേവനമായി നാഷണൽ ഹൈവേയിലെ ഇരുഭാഗങ്ങളിലുള്ള കാടുകൾ തെളിച്ചും മാലിന്യങ്ങൾ നീക്കിയും ശുചീകരണത്തിൽ പങ്കാളികളായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ഉദ്‌ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയർപേഴ്സൺ എസ്. ജയ, ആരോഗ്യകാര്യ ചെയർമാൻ എം. ഷാനവാസ്, മെമ്പർമാരായ കെ. എസ്. അജിത് കുമാർ, കെ. ഗോപിനാഥൻ, വി. അജികുമാർ, സി. ജയ്മോൻ, വേണുഗോപാലൻ നായർ, എം. എസ്. ഉദയകുമാരി, എസ്. സുധീഷ് ലാൽ, എൽ. മുംതാസ്, എസ്. ആർ. കവിത, അമൃത, തങ്കച്ചി ജഗന്നിവാസൻ, ദീപാ സുരേഷ്, ലളിതാംബിക, സിന്ധു .സി.പി ,അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, സ്റ്റാഫ് സെക്രട്ടറി ഹരികുമാർ, മെഡിക്കൽ ഓഫീസർ മിനി. പി. മണി, എം. ജി. എൻ. ആർ. എസ്. എ.ഇ. മോഹനൻ, ഹെൽത്ത് ഇൻസ്‌പെക്ടർ അഖിലേഷ് തുടങ്ങിയവർ പങ്കെടുത്തു.