-film-festival

തിരുവനന്തപുരം: കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടക്കുന്ന കൈരളി തിയേറ്ററിന്റെ പടിക്കെട്ട്. ഏഴാം ക്ളാസ് പിന്നിട്ട തമന്ന സോൾ സിനിമയെക്കുറിച്ച് വലിയ കാര്യങ്ങൾ പറഞ്ഞുകൊണ്ട് അവിടെ ഇരിപ്പുണ്ട്. പക്ഷേ അതൊന്നും അടുത്തിരുന്ന മൂന്നാം ക്ലാസുകാരി അനുജത്തി തന്മയ്‌ക്ക് അത്ര രസിച്ചില്ല. പിന്നെ സോപ്പുകുമിളകൾ ചേച്ചിക്കു നേരെ ഊതിപ്പറത്തി. അമ്മ ആശ വിലക്കുന്നുണ്ടെങ്കിലും ഫലിക്കുന്നില്ല.

എന്തിനാ ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ ഉടൻ വന്നു തന്മയുടെ കുസൃതി നിറഞ്ഞ ഉത്തരം, 'അതേയ് ഇവൾക്ക് സംവിധായിക ആയതിന്റെ ജാഡയാണ്. എന്റയത്ര അഭിനയിക്കാനൊന്നും അറിയില്ല. എന്നിട്ടും എന്നെ അഭിനയം പഠിപ്പിക്കാൻ വന്നു. നോക്കിക്കോ ഞാനും സംവിധായികയാകും" - തന്മയ വേറെ ലെവലാണ്.

കഴക്കൂട്ടം അലൻ ഫെഡ്മാൻ സ്‌കൂളിലെ വിദ്യാർത്ഥിനിയായ തമന്ന സംവിധാനം ചെയ്‌ത 'ലഞ്ച് ബ്രേക്ക്" എന്ന സിനിമ ഇന്നലെയാണ് മേളയിൽ പ്രദർശിപ്പിച്ചത്. അതിലെ ചിന്നക്കുറുമ്പാണ് അനുജത്തിക്ക്. ഇവിടെ സിനിമ കഴിഞ്ഞുടൻ മറ്റൊരു സന്തോഷവും തമന്നയെ തേടിയെത്തി. മെക്‌സിക്കോയിൽ നടക്കുന്ന കിഡ്സ് ഫിലിം ഫെസ്റ്റിവലിൽ 'ബ്രേക്ക് ഫാസ്റ്റ്" ഫൈനലിലെത്തിയിരിക്കുന്നു.

നമ്മുടെ നാട്ടിൽ ഒരുപിടി അന്നത്തിനായി അലയുന്ന ബാല്യങ്ങളെയും ആവിശ്യത്തിലേറെ ഭക്ഷണം നിസാരമായി വലിച്ചെറിയുന്ന കുട്ടികളെയുമാണ് നാലുമിനിട്ടുള്ള 'ലഞ്ച് ബ്രേക്കിൽ" ചിത്രീകരിച്ചിരിക്കുന്നത്. സ്‌കൂളിലെ കുട്ടികളെയും അദ്ധ്യാപകരെയുമുൾപ്പെടുത്തി അച്ഛന്റെ മൊബൈൽ ഫോണിൽ രണ്ടു മണിക്കൂർ കൊണ്ടാണ് സിനിമ പൂർത്തിയാക്കിയത്. അനുജത്തി തന്മയയും ഒരു കഥാപാത്രമായി. കഥയും തിരക്കഥയുമെല്ലാം എഴുതിവയ്‌ക്കാതെ മനസിൽ കരുതിവച്ചായിരുന്നു ഷൂട്ടിംഗ്. സിനിമയുടെ ആദ്യ പ്രദർശനം സ്‌കൂളിലായിരുന്നു. പിന്നെ യു ട്യൂബിൽ. സ്‌പെയിൻ, യു.കെ തുടങ്ങി എട്ടോളം വിദേശ മേളയിൽ സെലക്ഷൻ കിട്ടിയപ്പോൾ ആത്മവിശ്വാസം ഇരട്ടിച്ചു.

സനൽകുമാർ ശശിധരന്റെ സംവിധാന ശൈലിയാണ് തമന്നയ്‌ക്ക് ഇഷ്ടം. ഫോട്ടോഗ്രാഫറായ അച്ഛൻ അരുൺ സോളാണ് മകളുടെ സിനിമാ പാഷൻ പ്രോത്സാഹിപ്പിച്ചത്. നല്ല കാമറ ഉപയോഗിച്ച് ഒരു സിനിമ എടുക്കണം. വീട്ടിൽ നടക്കുന്ന സംഭവങ്ങളാണ് പ്രമേയം. കഥയൊക്കെ സസ്‌പെൻസാണ്. കഴക്കൂട്ടം ചന്തവിളയിലെ അച്ഛമ്മയുടെ വീട്ടിൽ അതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.