മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ സ്ഥാപിക്കുന്ന അത്യാധുനിക ചികിത്സാ ഉപകരണങ്ങൾ വേണ്ടപോലെ പ്രവർത്തിക്കാതിരിക്കുന്നതും വളരെവേഗം കേടുവരുന്നതും വാർത്ത അല്ലാതായിട്ടുണ്ട്. പരിധിയിൽ കവിഞ്ഞ ഉപയോഗവും അതിലോലമായ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലെ അനവധാനതയുമൊക്കെ ഇതിന് കാരണമാണ്. സ്കാനിംഗ് യന്ത്രങ്ങൾ സ്വകാര്യ ആശുപത്രികളിൽ പരക്കെ ഉപയോഗപ്പെടുത്താൻ തുടങ്ങിയപ്പോഴും സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ അവ എത്താൻ ഏറെ നാളെടുത്തു. സംസ്ഥാനത്തെ ആദ്യമെഡിക്കൽ കോളേജായ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലും അത്യാധുനിക സ്കാനിംഗ് യന്ത്രം എത്തിയത് വളരെ വൈകിയാണ്. ജനങ്ങളിൽനിന്ന് ഏറെ മുറവിളി വേണ്ടിവന്നു അതിന്. സ്കാനിംഗ് യന്ത്രം സ്ഥാപിച്ചിട്ടും കൂടക്കൂടെ അത് കേടായിക്കൊണ്ടിരുന്നു. അതിനുപിന്നിലുള്ള കളികളെക്കുറിച്ച് ധാരാളം ആക്ഷേപങ്ങളും ഉയർന്നിരുന്നു. സ്വകാര്യ സ്കാൻ സെന്ററുകളെ സഹായിക്കാൻ വേണ്ടി സർക്കാർ ആശുപത്രികളിലെ പരിശോധനാ ഉപകരണങ്ങൾ ഇപ്പോഴും നിശ്ചലമാകാറുള്ളത് രോഗികൾക്കെല്ലാം അറിവുള്ളതാണ്.
ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജിൽ മൂന്നരക്കോടിരൂപ മുടക്കി രണ്ടുവർഷം മുൻപ് സ്ഥാപിച്ച സി.ടി.സിമുലേറ്റർ ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ലെന്ന വാർത്ത വെള്ളിയാഴ്ച ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ ഇത്ര വലിയ വാർത്ത എന്തിരിക്കുന്നുവെന്നാകും സർക്കാർ ആശുപത്രികളെ സ്ഥിരമായി ആശ്രയിക്കുന്നവരിൽ നിന്നുയരാനിടയുള്ള ചോദ്യം. പെട്ടിപോലും തുറക്കാതെ ഇതുപോലുള്ള യന്ത്രങ്ങൾ എവിടെയെല്ലാം മുൻകാലങ്ങളിൽ കണ്ടെത്തിയിട്ടുള്ളതും കൂട്ടത്തിൽ ഒാർത്തുപോകും. ആലപ്പുഴയിലെ കഥ കൂടുതൽ ശ്രദ്ധേയമാകുന്നത് ചുമതലപ്പെട്ടവരുടെ ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ചകളുടെ പേരിലാണ്. സിമുലേറ്റർ പൂർണമായും സ്ഥാപിച്ച് പ്രവർത്തനക്ഷമമാണെന്ന് കമ്പനിയെക്കൊണ്ട് ഉറപ്പാക്കാൻ ഒന്നും ചെയ്തില്ലെന്നുമാത്രമല്ല എല്ലാം ഒ.കെ എന്ന് കാണിച്ച് വകുപ്പ് മേധാവി മേലാവിലേക്ക് റിപ്പോർട്ടും നൽകി. വിലയായി കമ്പനിക്ക് നൽകേണ്ടിയിരുന്ന 3.78 കോടി രൂപയിൽ 3.40 കോടി ഇതിനകം നൽകുകയും ചെയ്തു. കോളേജ് പ്രിൻസിപ്പലോ ബന്ധപ്പെട്ട മറ്റു ആൾക്കാരോ ഇതൊക്കെ അറിയുകയോ യന്ത്രം ഉപയോഗപ്പെടുത്താത്തത് എന്താണെന്ന് അന്വേഷിക്കുകയോ ചെയ്തില്ല. വളരെയധികം രോഗികൾക്ക് പ്രയോജനപ്പെടേണ്ട ഒരു സൗകര്യം ആശുപത്രി മേധാവികളുടെ നിരുത്തരവാദപരമായ സമീപനം കാരണം രണ്ടുവർഷമായി മുടങ്ങിപ്പോയത് അത്ര ലഘുവായ കാര്യമൊന്നുമല്ല. കാൻസർ ചികിത്സയിൽ ട്യൂമറിന്റെ സ്ഥാനവും വലിപ്പവുമൊക്കെ കൃത്യമായി നിർണയിക്കാൻ സഹായിക്കുന്ന ആധുനിക ഉപകരണമാണ് സി.ടി. സിമുലേറ്റർ. കമ്പനിയെ അതിരുവിട്ടു സഹായിക്കാൻ ശ്രമിച്ചതാകാം യന്ത്രം പ്രവർത്തനക്ഷമമാകുന്നതിനുമുമ്പുതന്നെ വകപ്പുമേധാവി ഇൻസ്റ്റലേഷൻ റിപ്പോർട്ട് തയാറാക്കി മുകളിലേക്ക് അയച്ചതും രണ്ടാംഗഡു അനുവദിച്ചതും. റേഡിയോ തെറാപ്പി വിഭാഗത്തിൽ നടന്ന ഇൗ തിരിമറികളെക്കുറിച്ച് അന്വേഷണം നടത്തി ഉചിതമായ നടപടി എടുക്കുമെന്ന് കഴിഞ്ഞദിവസം ആരോഗ്യവകുപ്പുമന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചിട്ടുണ്ട്. അന്വേഷണവും നടപടികളുമൊക്കെ എന്തുതന്നെയാകട്ടെ. ഇമ്മാതിരി സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യാനാകുമെന്നാണ് ആലോചിക്കേണ്ടത്. സർക്കാരിലേക്ക് വസ്തുതാവിരുദ്ധമായ റിപ്പോർട്ട് നൽകി കമ്പനിയെ സഹായിച്ച വകുപ്പുമേധാവി അറിഞ്ഞുകൊണ്ടുതന്നെയാകണം ഇതൊക്കെ ചെയ്തിട്ടുള്ളത്. പ്രവൃത്തി പൂർത്തിയാക്കുന്നതിനുമുമ്പ് കമ്പനിയെ സഹായിച്ചുവെന്നതിനെക്കാൾ രണ്ടുവർഷത്തോളം ഇൗ യന്ത്രം കൊണ്ട് രോഗികൾക്ക് ഒരു ഗുണവുമുണ്ടായില്ലെന്നതാണ് ഗൗരവമായി കാണേണ്ട പ്രശ്നം. ഇടത്തരക്കാരും പാവപ്പെട്ടവരുമാണ് സർക്കാർ ആശുപത്രികൾകൊണ്ട് ഏറ്റവുമധികം പ്രയോജനം അനുഭവിക്കുന്നത്. ആലപ്പുഴ ജില്ലയിലാകട്ടെ അത്യാധുനിക ചികിത്സാസൗകര്യങ്ങൾ വളരെ കുറവുമാണ്. അങ്ങനെയുള്ള ഒരിടത്ത് സർക്കാർ മെഡിക്കൽ കോളേജിലെ സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ രോഗികളുടെ ആധിക്യമാണ്. അർബുദരോഗ ചികിത്സയിൽ നിർണായകമായ പങ്കുള്ള സി.ടി. സിമുലേറ്റർ വാങ്ങിവച്ചിട്ടും ഇത്രയും നാൾ അത് പ്രയോജനപ്പെടാതെ പോയല്ലോ എന്നതിൽ വകുപ്പു മേധാവിക്കോ ചുമതലപ്പെട്ട മറ്റുള്ളവർക്കോ ഒരു കുറ്റബോധവും തോന്നാത്തതാണ് അത്ഭുതം.
ആശുപത്രികൾ വിപുലപ്പെടുത്താനും അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്താനും സർക്കാർ തീവ്രയജ്ഞം നടത്തിക്കൊണ്ടിരിക്കുമ്പോൾ മറുഭാഗത്ത് ഉള്ള സൗകര്യങ്ങൾപോലും രോഗികൾക്ക് യഥാസമയം ലഭിക്കാതെ പോകുന്ന അവസ്ഥ ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ലാത്തതാണ്. യന്ത്രങ്ങൾ വാങ്ങുന്നതിലും അതിന്റെ പ്രവർത്തനം നിശ്ചിത സമയത്തിനകം ആരംഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിലും നിഷ്കർഷ പുലർത്തണം. പരിശോധനാ സംവിധാനങ്ങളുടെ കുറവും അപര്യാപ്തതയുമാണ് സിമുലേറ്റർ സംഭവത്തിൽ കാണാനാവുക. എന്തു വീഴ്ച ഉണ്ടായാലും ചോദിക്കാൻ ആളില്ലെന്ന് വന്നാൽ ഇങ്ങനെയൊക്കെത്തന്നെയായിരിക്കും ആശുപത്രി നടത്തിപ്പ്. ആലപ്പുഴയിൽ മാത്രമല്ല സംസ്ഥാനം ഒട്ടുക്കും ഇതോ ഇതിലധികമോ ഗുരുതരമായ പ്രശ്നങ്ങൾ കാണാനാകും. വീഴ്ച വരുത്തിയവർ കർക്കശമായി ശിക്ഷിക്കപ്പെട്ടാലേ ഇത്തരം പ്രവണതകൾ നിയന്ത്രിക്കാനാവൂ.