വർക്കല:വിളംബര ഘോഷയാത്രയോടെ വർക്കല നഗരസഭയിൽ മഴക്കാല പൂർവ ശുചീകരണത്തിന് തുടക്കമായി. ചെയർപേഴ്സൺ ബിന്ദുഹരിദാസ്, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതികാസത്യൻ, കൗൺസിലർമാർ, ഹെൽത്ത് വിഭാഗം ജീവനക്കാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന വിളംബരഘോഷയാത്ര അഡ്വ. ബി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.

നഗരസഭ ജീവനക്കാർ, ഗ്രീൻ ടെക്നീഷ്യന്മാർ, ബീക്കൺ കുടുംബശ്രീ ആശ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണയജ്ഞം നടന്നത്. സമ്പൂർണ ശുചിത്വ നഗരമെന്ന ലക്ഷ്യത്തിലെത്തുന്നതിന്റ ഭാഗമായി യൂസർഫീ ഈടാക്കി സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും ജൈവ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിച്ച് വരുന്നു. നഗരസഭയുടെ കേന്ദ്രീകൃത ചവർപ്ലാന്റിൽ ആധുനിക യന്ത്റ സഹായത്തോടെയാണ് മാലിന്യം സംസ്കരിച്ച് മൂല്യവർദ്ധിത വസ്തുക്കളാക്കി മാറ്റുന്നത്. ചില സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽ മാലിന്യങ്ങൾ തളളുന്ന പ്രവണതയുണ്ട്. ഇത്തരത്തിലുളള പുരയിടങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ വൃത്തിയാക്കുന്നതിന് ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. നോട്ടീസിലെ നിർദ്ദേശം പാലിക്കാത്ത പുരയിടങ്ങൾ മഴക്കാല പൂർവ ശുചീകരണയജ്ഞത്തിൽ ഉൾപെടുത്തി വൃത്തിയാക്കുന്നതിന്റെ ആദ്യഘട്ട പ്രവർത്തനമാണ് ഇന്നലെ ആരംഭിച്ചത്. ഇന്നും നാളെയും തുടർന്നുളള ദിവസങ്ങളിലും ഇത്തരത്തിൽ ശുചീകരണയജ്ഞം ഊർജ്ജിതമാക്കുമെന്ന് ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പറഞ്ഞു.