paipe-line

പാറശാല: മുടക്കം വരാതെ ശുദ്ധമായ കുടിവെള്ള വിതരണം ലക്ഷ്യം കണ്ടാണ് സർക്കാർ വണ്ടിച്ചിറയിൽ ലക്ഷങ്ങൾ ചെലവാക്കി കുടിവെള്ള പദ്ധതി ആവിഷ്കരിച്ചത്. പാറശാലയിലെ ജനങ്ങൾക്ക് അതുവരെ നൽകിയ കോളിഫാം ബാക്ടീരിയ കലർന്ന വെള്ളത്തിൽ നിന്നും മുക്തി നേടുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. ആധുനിക രീതിയിൽ ശുദ്ധീകരിച്ച വെള്ളം എത്തിക്കുക, അടിക്കടിയുള്ള പൈപ്പ് പൊട്ടുന്ന പൈപ്പ് ലൈനുകൾ മാറ്റി പകരം ബലമുള്ളതും കാര്യക്ഷമമായതുമായ പൈപ്പ് ലൈനുകളും മോട്ടറുകളും സ്ഥാപിക്കുന്നതിനും പദ്ധതിയിൽ ലക്ഷ്യം വച്ചിരുന്നു. എന്നാൽ പദ്ധതി ആരംഭിച്ച് പ്രവർത്തനം തുടങ്ങിയെങ്കിലും പദ്ധതി നടപ്പിലാക്കിയതിൽ ഉണ്ടായ പാളിച്ചകൾ കാരണം പ്രദേശത്തെ ജനങ്ങൾ നേരിട്ടിരുന്ന കുടിവെള്ള പ്രശ്നം പഴയപടിതന്നെയാണ്. പൈപ്പ് പൊട്ടലും മോട്ടർ കേടാകലും മുറപോലെ തന്നെ. പദ്ധതികൾ പലതും നടപ്പിലാക്കിയിട്ടും കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണമെന്ന ജനങ്ങളുടെ ആവശ്യത്തിന് പരിഹാരമില്ല.

ജലസംഭരണികളായ കുളങ്ങൾ നവീകരിച്ചു എന്നാൽ കുളങ്ങളിലെ ചോർച്ച പൂർണമായി പരിഹരിക്കപ്പെടാത്തത് കാരണം വിതരണത്തിന് ആവശ്യമായ വെള്ളം ഒരു മാസത്തിന് പോലും തികയാതെ വരുന്നുണ്ട്. പുതുതായി സ്ഥാപിച്ച ശുദ്ധീകരണ പ്ലാന്റിന്റെ ഉല്പാദന ശേഷി പ്രതിദിനം രണ്ടര ലക്ഷം ലിറ്റർ മാത്രമാണ്. വിതരണത്തിനായി ആവശ്യമുള്ളത് മൂന്നര ലക്ഷത്തിലേറെയാണ്. വിതരണത്തിന് ആവശ്യമായ വേണ്ടത്ര ശുദ്ധീകരിച്ച വെള്ളം ലഭിക്കാത്തത് കാരണം പഴയ രീതിയിൽ വേണ്ടത്ര ശുദ്ധീകരിക്കാത്ത വെള്ളവും കടത്തിവിട്ടാണ് വിതരണം. പുതുതായി സ്ഥാപിച്ച പൈപ്പ് ലൈനുകളിൽ പഴയ പി.വി.സി പൈപ്പിലേക്ക് ഇന്റർ കണക്ഷൻ നടപ്പിലാക്കാത്തതിനാൽ നിലവിലെ എ.സി.പൈപ്പുകളിലൂടെയാണ് 2000 ഓളം വീടുകളിലേക്കും മറ്റ് സബ് ലൈനുകളിലേക്കും വെള്ളം നൽകുന്നത്. പുതിയ 2 ലക്ഷം ശേഷിയുള്ള ടാങ്കിൽ നിന്നും വേണ്ടത്ര മർദ്ദം താങ്ങാനുള്ള് ശേഷിയില്ലാത്ത പഴയ എ.സി.പൈപ്പിലൂടെ വിതരണം അടിക്കടി പൈപ്പ് പൊട്ടുന്നതിന് കാരണമാകുന്നുണ്ട്. പൈപ്പ് പൊട്ടുമ്പോഴും മോട്ടോർ കേടാവുമ്പോഴും രണ്ട് ദിവസത്തോളം പാറശാലയിൽ കുടിവെള്ളം തടസപ്പെടുക പതിവാണ്.