rajesh

ഉഴമലയ്‌ക്കൽ: സ്വന്തം വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാകുന്നതിന് മുമ്പുള്ള രാജേഷിന്റെ വേർപാട് നാടിനെ ദുഃഖത്തിലാഴ്‌ത്തി. ഉഴമലയ്ക്കൽ ആറ്റിൻപുറത്ത് കിഴങ്ങുവിളക്കുന്ന് മണിറു ഭവനിൽ രാജേഷാണ് (ഷാജി-32) ഇന്നലെ ബൈക്ക് അപകടത്തിൽ മരിച്ചത്. മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിലെ താത്കാലിക ജീവനക്കാരനായ രാജേഷ് ഇന്നലെ രാവിലെ ജോലിക്ക് പോകുമ്പോൾ 8.30ന് കവടിയാറിൽ ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. രാജേഷിനെ പേരൂർക്കട ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ രാത്രിയോടെ മൃതദേഹം ഉഴമലയ്‌ക്കൽ കുര്യാത്തിയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. രാജേഷിന്റെ ഭാര്യാമാതാവ് കിഴങ്ങുവിളക്കുന്നിൽ നൽകിയ മൂന്ന് സെന്റ് വസ്‌തുവിലാണ് വീട് നിർമ്മാണം തുടങ്ങിയത്. പഞ്ചായത്തിലെ ലൈഫ് പദ്ധതിയിൽ നിന്ന് വീടുലഭിച്ചു. വീടിന്റെ ബേസ്‌മെന്റിന്റെ നിർമ്മാണം നടക്കുന്നതിനിടെയാണ് രാജേഷിന്റെ വേർപാട്. രാജേഷിന്റെ മരണത്തോടെ രണ്ട് കുടുംബങ്ങളുടെ ആശ്രയമാണ് നഷ്ടമായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ രാജേഷ് ജനകീയ പ്രശ്‌നങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. രാജേഷിന്റെ മരണം ബന്ധുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്‌ത്തി. നിരവധി പേർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. ഭാര്യ: മണിറു (സൗമ്യ ), മക്കൾ: അന്ന, അലൻ.