1

നേമം: സ്റ്റേ ബസുകൾ നിറുത്തലാക്കിയത് പുനഃസ്ഥാപിക്കാമെന്ന് എ.ടി.ഒ നൽകിയ ഉറപ്പിൽ എം. വിൻസെന്റ് എം.എൽ.എയുടെ നേതൃത്വത്തിൽ നടത്താനിരുന്ന പ്രതിഷേധ സമരം മാറ്റിവച്ചു. കാക്കാമൂല, പുന്നമൂട്, വവ്വാമൂല, വെണ്ണിയൂർ തുടങ്ങിയ റൂട്ടുകളിലാണ് സ്റ്റേ ബസുകൾ നിറുത്തലാക്കിയത്. ഇന്നലെ രാവിലെ എം.എൽ.എ പാപ്പനംകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തി എ.ടി.ഒ അനിൽകുമാറുമായി ചർച്ച നടത്തി. പുന്നമൂട് സ്റ്റേ ബസ് നിറുത്തിയത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് എം.എൽ.എ പറഞ്ഞു. കളക്ഷനിലുണ്ടായ ഗണ്യമായ കുറവാണ് ബസ് നിറുത്താൻ കാരണമെന്ന് പാപ്പനംകോട് ഡിപ്പോ അധികൃതർ നൽകിയ വിശദീകരണത്തിൽ പറയുന്നു. സ്റ്റേ ബസുകൾ പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കാമെന്ന് ഡിപ്പോ അധികൃതർ ഉറപ്പ് നൽകുകയായിരുന്നു. സ്റ്റേ ബസുകൾ പുനഃസ്ഥാപിച്ചില്ലെങ്കിൽ പാപ്പനംകോട് ഡിപ്പോയ്ക്ക് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തുമെന്ന് എം. വിൻസെന്റ് എം.എൽ.എ അറിയിച്ചു.