തിരുവനന്തപുരം: പത്ത് മാസം ചുമന്നിട്ടില്ല, പേറ്റ് നോവറിഞ്ഞിട്ടില്ല- എങ്കിലും ഈ പിഞ്ചോമനകളെ വിട്ടുപിരിയുമ്പോൾ 'കൊണ്ണിയമ്മ' യുടെ കണ്ണുകൾ നിറഞ്ഞുതൂവുകയാണ്. "എത്രയോ കുഞ്ഞുങ്ങളെ എടുത്തോണ്ട് നടന്ന കൈകളാണ്. അവരിൽ പലരും ഇന്ന് അച്ഛനും അമ്മയുമൊക്കെയായി. ലോകത്തിന്റെ പലഭാഗങ്ങളിൽ അവർ സുഖമായി കഴിയുന്നു എന്നറിയുമ്പോഴുള്ള സന്തോഷം...അത് പറഞ്ഞറിയിക്കാനാവില്ല..." കണ്ണുകൾ തൂവാലകൊണ്ട് തുടച്ച് 'കൊണ്ണിയമ്മ' വിതുമ്പി. തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ ആയയായാണ് കുട്ടികൾ 'കൊണ്ണിയമ്മ' എന്ന് വിളിക്കുന്ന കാട്ടാക്കട ചെറിയകൊണ്ണി പ്ലാവിള പുത്തൻവീട്ടിൽ തങ്കപ്പൻ നായരുടെ ഭാര്യ വത്സലകുമാരി. 36 വർഷത്തെ സേവനത്തിനുശേഷം ഈ മാസം അവസാനത്തോടെ 58-ാം വയസിൽ പടിയിറങ്ങുകയാണ് വത്സലകുമാരി.
മൂന്ന് രൂപയായിരുന്നു ശിശുക്ഷേമ സിമിതിയിൽ ജോലിക്കെത്തുമ്പോൾ കിട്ടിയിരുന്ന ദിവസവേതനം. 1983ൽ 23ാം വയസിൽ. കാലമെത്ര കഴിഞ്ഞു! അന്ന് അമ്മത്തൊട്ടിലുകളില്ല. ആശുപത്രികളിലും മറ്റ് ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങളെ സമിതിയിലെത്തിച്ച് പരിപാലിക്കലാണ് ജോലി. കേരളത്തിൽ അങ്ങോളമിങ്ങോളം ഉപേക്ഷിപ്പെട്ട കുഞ്ഞുങ്ങളെ തിരുവനന്തപുരത്തെത്തിക്കാൻ ഓടി നടന്നിട്ടുണ്ട്. പോറ്റാൻ നിവൃത്തിയില്ലെന്ന് പറഞ്ഞ് അമ്മമാർ കുഞ്ഞിനെ ഉപേക്ഷിച്ചുപോകുന്നതുകണ്ട് വിഷമിച്ച് നിന്നുപോയിട്ടുണ്ട്. ആ പിഞ്ചോമനകളെയെല്ലാം നെഞ്ചോട് ചേർത്തു വളർത്തി. ഇതിനിടെ സ്വന്തം കുഞ്ഞങ്ങളെ പോറ്റേണ്ട ഉത്തരവാദിത്വം പലപ്പോഴും ഭർത്താവിന് ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്. ആരുമില്ലാത്ത കുഞ്ഞുങ്ങൾക്കായല്ലേ എന്ന് അദ്ദേഹം ആശ്വസിപ്പിച്ചിരുന്നതും വത്സലകുമാരി ഓർമ്മിക്കുന്നു. മൂത്ത മകൾ ആതിര അമ്മയുടെ ജോലി സ്വഭാവത്തിനൊപ്പം നിന്നെങ്കിലും മകൻ ആഭിലാഷ് അമ്മതന്നെ വേണമെന്ന് വാശിപിടിച്ചു. സമിതിക്ക് സമീപം മോഡൽ സ്കൂളിലെ നഴ്സറിയിൽ ചേർത്താണ് അവനെ പരിപാലിച്ചത്. 2002ലാണ് അമ്മത്തൊട്ടിൽ ആരംഭിച്ചത്. 2013 മുതൽ സമിതിയിലെ ക്രഷിന്റെ ചുമതല വത്സലകുമാരിക്ക് നൽകി.
കൊണ്ണിയമ്മ വന്ന വഴി
ചെറിയകൊണ്ണിയിൽ നിന്ന് വരുന്നതിനാൽ അത് ലോപിപ്പിച്ച് കൊണ്ണിച്ചേച്ചി എന്നാണ് മറ്റ് ആയമാർ സീനിയർ അമ്മയെ വിളിച്ചുപോന്നത്. കുട്ടികളാകട്ടെ അത് കൊണ്ണിയമ്മയാക്കി. ജോലിയിൽ നിന്ന് വിരമിച്ചെങ്കിലും ഏതെങ്കിലും നഴ്സറിയിൽ ആയയായി തുടണമെന്നാണ് ആഗ്രഹം. "കുഞ്ഞുങ്ങളുടെ കൂടെയായിരുന്നില്ലേ ഇത്രയും നാളും ഇനിയും അങ്ങനെ തന്നെ മതി. " -വത്സല കുമാരി പറഞ്ഞു. ഭർത്താവ് തങ്കപ്പൻനായർ ഇലക്ട്രീഷ്യനാണ്.
ഈ ആയമ്മമാർ മാതൃക
ശിശുക്ഷേമ സമിതികളിലെല്ലാം കൂടി ഏകദേശം നൂറോളം ആയമ്മമാരുണ്ട്. കുഞ്ഞ് കരഞ്ഞ് ശല്യം ചെയ്യുന്നുവെന്നു പറഞ്ഞ് മർദ്ദിച്ച് കൊലപ്പെടുത്താൻ പോലും മടിക്കാത്ത തള്ളമാരുള്ള നമ്മുടെ നാട്ടിൽ, ശിശുക്ഷേമ സമിതിയിലെ ഈ അമ്മമാർ എല്ലാവർക്കും മാതൃകയാവുകയാണ്. തങ്ങൾക്ക് പിറക്കാത്ത കുഞ്ഞുങ്ങളെ ജീവനുതുല്യം പരിപാലിക്കുകയാണിവർ. കോഴിക്കോട് ഒഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അമ്മത്തൊട്ടിലുകളുണ്ട്.