തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ് പ്രവേശനത്തിന് കേരളത്തിന് പുറത്ത് താമസിക്കുന്ന വിദ്യാർത്ഥികളുടെയും അപേക്ഷ സ്വീകരിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് സർക്കാർ നടപ്പാക്കും. ഇതിനുള്ള നിർദ്ദേശം എൻട്രൻസ് കമ്മിഷണർക്ക് നൽകി. അപേക്ഷ സ്വീകരിക്കുന്നതിന് പ്രത്യേക വിജ്ഞാപനമിറക്കണമെന്നും നടപടിക്രമങ്ങൾ തിങ്കളാഴ്ച തുടങ്ങുമെന്നും എൻട്രൻസ് കമ്മിഷണർ എ.ഗീത കേരളകൗമുദിയോട് പറഞ്ഞു. കേരള എൻട്രൻസ് പരീക്ഷയ്ക്കുള്ള സോഫ്‌റ്റ്‌വെയറിൽ നോൺ കേരള കാറ്റഗറിയുള്ളതിനാൽ ഇതിനായി സോഫ്‌റ്റ്‌വെയർ പുനക്രമീകരിക്കേണ്ടിവരില്ല. അന്യസംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനുള്ള ഓപ്ഷൻ വെബ്സൈറ്റിൽ സജ്ജമാക്കും. ഓൺലൈനിൽ അപേക്ഷിക്കാനുള്ള തീയതി മേയ് 20 വരെ നീട്ടാനാണ് സുപ്രീംകോടതി ഉത്തരവ്.

മെഡിക്കൽ കൗൺസിൽ തയ്യാറാക്കിയ ഷെഡ്യൂൾ പ്രകാരം ആദ്യവട്ട കൗൺസലിംഗ് ജൂൺ 25 മുതൽ ജൂലായ് 5 വരെയാണ്. സുപ്രീംകോടതി ഉത്തരവിന്റെ പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആഗസ്റ്റ് 20ന് വിശദമായ വാദം കേൾക്കുമ്പോൾ അന്യസംസ്ഥാനക്കാരുടെ പ്രവേശനത്തെ എതിർക്കണോയെന്ന് നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തീരുമാനിക്കും.