തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലെയും അക്കാഡമിക് കലണ്ടർ ഏകീകരിക്കാനുള്ള സർക്കാർ തീരുമാനം ഈവർഷം മുതൽ നടപ്പാകും. അതിവേഗത്തിൽ ചില സർവകലാശാലകൾ ബിരുദ ഫലങ്ങൾ പ്രഖ്യാപിച്ചതിനു പിന്നാലെ മുഴുവൻ സർവകലാശാലകളും ആദ്യ വർഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകൾ ജൂണിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം, സംസ്‌കൃതം സർവകലാശാലകളിൽ ബിരുദ, ബിരുദനന്തര ക്ലാസുകൾ ജൂണിൽ ആരംഭിക്കും. ബിരുദാനന്തര ബിരുദ ക്ലാസുകൾ ജൂൺ 17നും ബിരുദ ക്ലാസുകൾ ജൂൺ 24നും എല്ലാ സർവകലാശാലകളിലും ആരംഭിക്കും. പുതിയ അക്കാഡമിക് വർഷത്തെ പ്രവേശന നടപടികൾ ചർച്ച ചെയ്യാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീൽ 15ന് സർവകലാശാല അധികാരികളുമായി വീഡിയോ കോൺഫറൻസ് നടത്തും. ഓരോ സെമസ്റ്ററിറിലും 90അദ്ധ്യായന ദിനങ്ങൾ ഉറപ്പാക്കാനുള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.
സർവകലാശാലകളിലെ അക്കാഡമിക് കലണ്ടർ ഏകീകരിക്കുന്നതിനും പ്രവേശനം, പരീക്ഷാ നടത്തിപ്പ്, ഫലപ്രഖ്യാപനം എന്നിവ അനിശ്ചിതമായി നീണ്ടുപോകാതെ പരീക്ഷാ കലണ്ടർ അനുസരിച്ച് കൃത്യതവരുത്താനും മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ഡോ.കെ.ടി. ജലീൽ എന്നിവരുടെ നേതൃത്വത്തിൽ സർവകലാശാല വിസിമാർ, പ്രൊ വിസിമാർ, രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ തുടങ്ങിയവരുടെ യോഗങ്ങൾ മാസംതോറും വിളിച്ച് കാര്യക്ഷമത വിലയിരുത്തിയിരുന്നു. മാർച്ചിൽ പരീക്ഷ കഴിഞ്ഞാൽ ഏപ്രിലിൽതന്നെ ബിരുദ, ബിരുദാന്തരപരീക്ഷകളുടെ ഫലം പ്രഖ്യാപിക്കണമെന്നതായിരുന്നു പ്രധാന നിർദ്ദേശങ്ങളിലൊന്ന്. എം.ജി, കണ്ണൂർ സർവകലാശാലകൾ ഇക്കുറി റെക്കോർഡ് വേഗത്തിലാണ് ഫലം പ്രസിദ്ധീകരിച്ചത്. മറ്റുസർവകലാശാലകളും പതിവിലും നേരത്തെ ഫലപ്രഖ്യാപനത്തിന് ഒരുങ്ങുകയാണ്. കേരള, കണ്ണൂർ, സംസ്‌കൃത സർവകലാശാലകൾ ബിരുദ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ നടപടികളും ആരംഭിച്ചു. മറ്റു സർവകലാശാലകളുടെ പ്രവേശന നടപടികളും വരും ദിവസങ്ങളിൽ ആരംഭിക്കും. ബി.എ, ബിഎസ് സി, ബി.കോം തുടങ്ങിയ ആർട്സ് ആൻഡ് സയൻസ് കോഴ്സുകൾക്കുള്ള വിദ്യാർത്ഥികളുടെ തള്ളിക്കയറ്റം പരിഗണിച്ച് സർക്കാർ, എയ്ഡഡ് കോളേജുകളിലെ അദ്ധ്യാപക അനുപാതം പരിശോധിച്ച് അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കാതെ പുതിയ കോഴ്സുകൾ അനുവദിക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്.