തിരുവനന്തപുരം: രാജ്യത്തെവിടെയും പഠിക്കാനുള്ള ഭരണഘടനാപരമായ അവകാശം ഉയർത്തിക്കാട്ടി, അന്യസംസ്ഥാന വിദ്യാർത്ഥികളുടെ മെഡിക്കൽ പ്രവേശനത്തിന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നേടിയ സ്വാശ്രയലോബിയുടെ ലക്ഷ്യം തലവരി. എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിൽ നേരത്തേ നടന്നിരുന്ന 1500കോടി രൂപയുടെ കോഴയിടപാട് നീറ്റ് വന്നതോടെ നിലച്ചു. എൻ.ആർ.ഐ ക്വോട്ടയിലടക്കം 100ശതമാനം സീറ്റുകളിലും നീറ്റ് മെരിറ്റിൽ പ്രവേശനം നടത്തി 'കച്ചവടം പൂട്ടിച്ചതോടെ' സ്വാശ്രയലോബി ഇറക്കിയ തുറുപ്പുചീട്ടാണ് ഭരണഘടനാഅവകാശം. വർഷം20ലക്ഷം ഫീസുനൽകി പഠിക്കാൻ നീറ്റ് യോഗ്യതനേടിയ എൻ.ആർ.ഐ ക്വോട്ടക്കാർ ഇല്ലാതിരുന്നതിനാൽ നൂറോളം സീറ്റുകൾ മെരിറ്റിലേക്ക് മാറ്റിയിരുന്നു. അന്യസംസ്ഥാനങ്ങളിൽനിന്ന് എൻ.ആർ.ഐ കുട്ടികൾ വരുന്നതോടെ ഈ പ്രതിസന്ധിയില്ലാതാവുമെന്നും സ്വാശ്രയലോബി കണക്കുകൂട്ടുന്നു.
മാനേജ്മെന്റ് ക്വോട്ടയിൽ ഒന്നരക്കോടിയും എൻ.ആർ.ഐയിൽ രണ്ടുകോടിയും വാങ്ങി സ്വന്തമായി പ്രവേശനം നടത്തിയിരുന്നവർ ജസ്റ്റിസ് രാജേന്ദ്രബാബു സമിതി നിശ്ചയിച്ച 4.80ലക്ഷം-5.66ലക്ഷം ഫീസ് 11ലക്ഷമാക്കി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഏറെക്കാലമായി നിയമയുദ്ധത്തിലാണ്. കേരളത്തിൽ മറ്റിടങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഫീസായതിനാൽ, അന്യസംസ്ഥാനങ്ങളിൽ ഏജന്റുമാരെ നിയോഗിച്ച് പണപ്പിരിവാണ് ലക്ഷ്യം. എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റ് കിട്ടിയാൽ തലവരി ഏജന്റിന് കൈമാറണമെന്ന് രക്ഷിതാക്കളുമായി ധാരണയുണ്ടാക്കും. കർണാടകത്തിൽ നിലവിൽ സമാനമായ ഇടപാടാണ് നടക്കുന്നത്.
സ്വാശ്രയലോബിയുടെ വാദം
കോളേജ് നടത്തിപ്പിന് പ്രതിവർഷം 60കോടി, പ്രൊഫസർക്ക് രണ്ടുമുതൽ രണ്ടരലക്ഷംവരെ
റേഡിയോളജി പോലുള്ള വിഷയങ്ങളിൽ പ്രൊഫസർമാർക്ക് നാലുലക്ഷംവരെ നൽകണം.
2000ജീവനക്കാരുടെ ശമ്പളത്തിന് പ്രതിമാസം മൂന്നരക്കോടി, വൈദ്യുതിക്ക് 65ലക്ഷം
നികുതിയായി അരക്കോടി, കുടിവെള്ളത്തിന് 70ലക്ഷം, ലൈബ്രറിക്ക് 60ലക്ഷം
ആശുപത്രി വരുമാനം 10കോടി, ശേഷിക്കുന്ന 50കോടി ഫീസിനത്തിൽ കണ്ടെത്താനാവില്ല
അന്യസംസ്ഥാനക്കാർ മുൻപും
തിരുവനന്തപുരത്തെ ഒരുകോളേജിന് തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. കോളേജ് മാനേജ്മെന്റിന് ഈ സംസ്ഥാനങ്ങളിൽ വേരോട്ടമുണ്ടെന്നും സമുദായാംഗങ്ങൾ അവിടങ്ങളിൽ വ്യാപിച്ചുകിടക്കുകയാണെന്നും മാനേജ്മെന്റിലെ പ്രമുഖന്റെ ആസ്ഥാനം ചെന്നൈ ആണെന്നുമൊക്കെയായിരുന്നു കാരണം.
''കോഴ തന്നെയാണ് മാനേജ്മെന്റുകളുടെ ലക്ഷ്യം. ഏജന്റുമാരെ വച്ചുള്ള പണപ്പിരിവ് അനുവദിക്കില്ല''
-ആരോഗ്യമന്ത്രിയുടെ ഓഫീസ്
''ഈ ഫീസിൽ പഠിപ്പിക്കാൻ പറ്റില്ല. 11ലക്ഷമെങ്കിലും കിട്ടണം. ഭാവിയിൽ ഫീസ് കൂടും. ഗുണമേന്മയുള്ള കുട്ടികൾ വരട്ടെ.''
അനിൽകുമാർ വള്ളിൽ
മാനേജ്മെന്റ് അസോ.സെക്രട്ടറി