തിരുവനന്തപുരം: സംസ്ഥാന റവന്യൂ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി. സാജു (58) നിര്യാതനായി. ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടർന്ന് അമ്പലംമുക്ക് മണ്ണടി ലെയിൻ എം.ആർ.എ.ബി 13- വസതിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്‌കരം ഇന്ന് ഉച്ചയ്ക്ക് 12ന് ശാന്തികവാടത്തിൽ.
രജിസ്‌ട്രേഷൻ വകുപ്പിൽ സൂപ്രണ്ടായ അനിത സാജുവാണ് ഭാര്യ. മക്കൾ: വിദ്യാർത്ഥികളായ എസ്. അരവിന്ദ്, എസ്. അശ്വിൻ. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ബിനോയ് വിശ്വം എം.പി, പന്ന്യൻ രവീന്ദ്രൻ, കെ. ഇ. ഇസ്മായിൽ തുടങ്ങിയവർ അനുശോചിച്ചു. സെക്രട്ടറിയേറ്റ് റവന്യൂവകുപ്പിലാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. നിയമവകുപ്പ് അഡിഷണൽ സെക്രട്ടറിയായിരിക്കെയാണ് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ പ്രൈവറ്റ് സെക്രട്ടറിയായത്. മനുഷ്യാവകാശ കമ്മിഷൻ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. വി.കെ. രാജൻ, കൃഷ്ണൻ കണിയാംപറമ്പിൽ, ബിനോയ് വിശ്വം എന്നിവർ മന്ത്രിമാരായിരിക്കെ അവരുടെ പേഴ്സണൽ സ്റ്റാഫിൽ പ്രവർത്തിച്ചു. എ.ഐ.എസ്.എഫ് ആർട്സ് കോളേജ് യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, തിരുവനന്തപുരം സിറ്റി പ്രസിഡന്റ്, ജില്ലാകമ്മിറ്റിഅംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. എ.ഐ.വൈ.എഫും എ.ഐ.എസ്.എഫും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ അല്ലെങ്കിൽ ജയിൽ സമരത്തിന്റെ മുഖ്യ സംഘാടകനായിരുന്നു.