തിരുവനന്തപുരം: ദുബായ് പൊലീസിന്റെ മാതൃകയിൽ ടെക്നോപാർക്കിൽ സ്‌മാർട്ട് പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ, രണ്ടാം സായുധ ബറ്റാലിയൻ കമൻഡാന്റ് ദേബേഷ് കുമാർ ബെഹ്റ എന്നിവർ ദുബായിലേക്ക് പോവും. 18 മുതൽ 20 വരെ ഇരുവരും ദുബായിലുണ്ടാവും. ലോകത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സ്മാർട്ട് പൊലീസ് സ്റ്റേഷനായ ദുബായ് ജുമൈറയിലേതിന്റെ തനിപ്പകർപ്പായിരിക്കും ടെക്നോപാർക്കിൽ വരുന്നത്. ലോക കേരളസഭയുടെ പശ്ചിമേഷ്യൻ സമ്മേളനത്തിനിടെ മുഖ്യമന്ത്രി സ്‌മാർട്ട് സ്റ്റേഷൻ സന്ദർശിക്കാനെത്തിയപ്പോൾ, ദുബായ് പൊലീസിന്റെ കമാൻഡർ ഇൻ-ചീഫ് മേജർ ജനറൽ അബ്ദുള്ള ഖാലിദ് അൽ മെറി, ബ്രിഗേഡിയർ അബ്ദുള്ള ഖാദിം, കേണൽ ഹുസൈൻ ബിൻ ഖലിറ്റ എന്നിവരാണ് കേരളത്തിൽ സ്‌മാർട്ട് പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാൻ സഹായം വാഗ്ദാനം ചെയ്തത്. സ്മാർട്ട് പൊലീസ് സ്റ്റേഷന്റെ സാങ്കേതികവിദ്യ മനസിലാക്കാൻ മാർച്ച് ആദ്യവാരം ദുബായിലെത്താൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് ദുബായ് പൊലീസ് അധികൃതർ സമയം അനുവദിച്ചിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ഡി.ജി.പിയുടെ വിദേശയാത്രയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ചില്ല. ജീവനക്കാരില്ലാത്തതും കടലാസ് രഹിതവുമായിരിക്കും സ്‌മാർട്ട് സ്റ്റേഷൻ.