തിരുവനന്തപുരം: മിശ്രവിവാഹിതരിൽ ഒരാൾ മുന്നാക്ക വിഭാഗമാണെങ്കിലും അവരുടെ കുട്ടികൾക്ക് സാമുദായിക സംവരണം അനുവദിക്കാനുള്ള സർക്കാർ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതാണെന്ന് പിന്നാക്ക വികസന വകുപ്പ് മുൻ ഡയറക്ടറും സാമൂഹ്യ നീതി ഫോറം കോ- ഓർഡിനേറ്ററുമായ വി.ആർ.ജോഷി പറഞ്ഞു. സ്‌പോർട്സ് ക്വാട്ടയിലോ അംഗപരിമിതർക്കോ നൽകുന്ന തരത്തിലുള്ള പ്രത്യേക സംവരണമായി ഏർപ്പെടുത്തുകയാണ് വേണ്ടത്.
മുന്നാക്കക്കാരിൽ പിന്നാക്ക വിഭാഗത്തെ സൃഷ്ടിക്കുകയാണ് സർക്കാർ. സുപ്രീംകോടതിയുടെ വിധികൾക്കും സാമൂഹ്യപരമായ കണ്ടെത്തലുകൾക്കും കടകവിരുദ്ധമാണിത്. മുൻകാലങ്ങളിൽ അച്ഛന്റെ ജാതി നോക്കിയാണ് ജാതി സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. നിലവിലെ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുള്ള, 1979ൽ ഇറക്കിയ ഉത്തരവിലെ സാഹചര്യമല്ല ഇപ്പോഴുള്ളത്. അന്ന് ജാതിയുടെ അടിസ്ഥാനത്തിൽ മാത്രമായിരുന്നു സംവരണം. എന്നാലിപ്പോൾ അത് ക്രീമിലെയറിന്റെ അടിസ്ഥാനത്തിലാണ്. ഇത്തരമൊരു കാര്യത്തിൽ പിന്നാക്ക കമ്മിഷന്റെ അഭിപ്രായം തേടിയതുമില്ലെന്ന് ജോഷി പറഞ്ഞു.
അതേസമയം, സംവരണം അനുവദിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് നീലലോഹിതദാസൻ നാടാർ പറഞ്ഞു. മിശ്രവിവാഹിതരോടുള്ള സർക്കാരിന്റെ അനുഭാവപൂർണമായ സമീപനമാണ് ഇത് വ്യക്തമാക്കുന്നത്. ജാതിവ്യവസ്ഥ തന്നെ ഇല്ലാതാക്കണം. ആ അർത്ഥത്തിലാണ് മിശ്രവിവാഹത്തെ സഹോദരൻ അയ്യപ്പനൊക്കെ കണ്ടത്. അതേസമയം, സാമുദായിക സംവരണത്തിൽ വെള്ളം ചേർക്കലാണെന്ന അഭിപ്രായമുള്ളവരും ഉണ്ടാകും. അതും ചർച്ച ചെയ്യപ്പെടണം. മിശ്രവിവാഹം നടക്കുന്നതിലൂടെ ജാതിവ്യവസ്ഥ ഇല്ലാതാക്കാൻ കഴിയുമെങ്കിൽ അത് നല്ലതാണ്. അതിനാൽ വിശാലമായൊരു കാഴ്ചപ്പാടോടെ ഇതിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.