തിരുവനന്തപുരം: നഗരത്തിന്റെ ഉയർന്ന പ്രദേശങ്ങളിലും ജനറൽ ആശുപത്രിയിലും വെള്ളം കിട്ടാതെ ജനങ്ങൾ നരകയാതന അനുഭവിക്കുന്നു. നന്തൻകോട് ദേവസ്വം ബോർഡ്, ക്ളിഫ് ഹൗസ് നോർത്ത്, ബെയ്ൻസ് കോമ്പൗണ്ട്, ചാരാച്ചിറ, കുറവൻകോണം ഭാഗങ്ങളിലാണ് കുടിവെള്ളമില്ലാതെ ജനങ്ങൾ കഷ്ടപ്പെടുന്നത്.
പുലർച്ചെ അഞ്ച് മുതൽ ആറ് മണിവരെ മാത്രമേ പൈപ്പിൽ വെള്ളമുണ്ടാകൂ. അതിന് ശേഷം ഒരു തുള്ളി വെള്ളം പോലും ലഭിക്കുന്നില്ല. അർദ്ധരാത്രിയോടെ വെള്ളമെത്തിയാൽ ഭാഗ്യം. പക്ഷേ, അപ്പോഴും അടുത്ത ദിവസം വെള്ളമുണ്ടാകില്ല. ഇത് പതിവായതോടെ പാളയം രാജന്റെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിച്ചിരുന്നു. വെള്ളം ലഭ്യമാക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു.
ജനറൽ ആശുപത്രിയിലെ പേവാർഡ് അടക്കമുള്ളയിടങ്ങളിലും കുടിവെള്ളം കിട്ടാതെ രോഗികൾ കഷ്ടപ്പെടുന്നതായി പരാതിയുണ്ട്. എന്നാൽ, ജനറൽ ആശുപത്രിയിലെ പമ്പിന് ശേഷി കുറവായതും വെള്ളം ശേഖരിക്കാൻ മതിയായ സംവിധാനമില്ലാത്തതുമാണ് ജലക്ഷാമത്തിന് കാരണമെന്നാണ് വാട്ടർ അതോറിട്ടി പറയുന്നത്. ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടത് പി.ഡബ്ല്യു.ഡിയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പി.ഡബ്ല്യു.ഡിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു. ആശുപത്രിയിൽ ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കുന്നുണ്ടെന്നും അധികൃതർ വിശദമാക്കി.
നന്തൻകോട് അടക്കമുള്ളയിടങ്ങളിൽ ജല ഉപഭോഗം കൂടുതലാണ്. ഇവിടെ വെള്ളമെത്തിക്കുന്നത് പി.ടി.പിയിലെ ലൈനിൽ നിന്നാണ്. ഉയർന്ന പ്രദേശമായതിനാൽ മറ്റിടങ്ങളിൽ വെള്ളം എത്തിയ ശേഷമേ അവിടങ്ങളിൽ ജലം എത്തുകയുള്ളൂ -
വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനിയർ