തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ പാത വികസനം മുൻഗണനാക്രമം ഒന്നിൽ നിന്ന് രണ്ടിലേക്ക് മാറ്റിയ വിവാദ തീരുമാനം കേന്ദ്ര സർക്കാർ തിരുത്തിയെങ്കിലും അവ്യക്തത മാറിയിട്ടില്ലെന്നും കൂടുതൽ വ്യക്തത വരുത്തി പുതിയ ഉത്തരവ് പുറത്തിറക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി ജി.സുധാകരൻ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കും നാഷണൽ ഹൈവേ അതോറിട്ടിക്കും ഇന്നലെ കത്തയച്ചു. നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി ദേശീയപാത വികസനം യാഥാർത്ഥ്യമാക്കാൻ വഴിയൊരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ദേശീയ പാത 66നുള്ള സ്ഥലമേറ്റെടുക്കൽ 2021 ഫെബ്രുവരി വരെ നിറുത്തിവയ്ക്കാനും മുൻഗണന ഒന്നിൽ നിന്ന് രണ്ടിലേക്ക് മാറ്റാനുമുള്ള കേന്ദ്ര തീരുമാനമാണ് വിവാദമായത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയടക്കം ചില നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെ വികസന പരിപാടികളെ താളം തെറ്റിക്കുന്ന കേന്ദ്ര തീരുമാനം ഉണ്ടായതെന്നായിരുന്നു ആരോപണം. ഇത് വിവാദമായതോടെ മേയ് രണ്ടിനിറക്കിയ ഉത്തരവ് കേന്ദ്രം പിൻവലിച്ച് ഉത്തരവിറക്കി. ഇതിൽ അവ്യക്തതയുണ്ടെന്നും അത് പരിഹരിക്കണമെന്നുമാണ് മന്ത്രി ജി.സുധാകരൻ ആവശ്യപ്പെട്ടത്.
മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയത്
2021ഫെബ്രുവരിയിലേക്ക് മുൻഗണനാക്രമം മാറ്റിയ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നു. സ്ഥലമേറ്റെടുക്കൽ നടപടികൾ പുനരാരംഭിക്കുന്നതിനും വ്യക്തതയില്ല. ദേശീയപാത അതോറിട്ടി ആവശ്യപ്പെടുന്ന സ്ഥലം സംസ്ഥാനം ഏറ്റെടുത്ത് കൈമാറുന്നതാണ് നിലവിലെ രീതി. ഇതിനായി നിർദ്ദിഷ്ട സ്ഥലങ്ങൾ സർക്കാർ നിശ്ചയിച്ച് നൽകുകയും അതോറിട്ടി വിജ്ഞാപനം ഇറക്കുകയും വേണം. മുൻഗണനാക്രമം മാറ്റിയതോടെ വിജ്ഞാപനമിറക്കൽ നടപടികളും അതോറിട്ടി നിറുത്തിവച്ചു. അത് പുനാരാരംഭിക്കുന്ന കാര്യത്തിൽ ഉത്തരവിൽ വ്യക്തതയില്ല. ദേശീയ പാത 66 മുൻഗണനാക്രമം ഒന്നിൽ വീണ്ടും ഉൾപ്പെടുത്തിയെന്ന് ഉത്തരവിൽ എടുത്തു പറയുന്നില്ല. പകരം, മുൻഗണനാ പട്ടിക 2ൽ ഉൾപ്പെട്ട പദ്ധതികളുടെ ഭൂമിയേറ്റെടുക്കൽ നടപടികളുടെ 02.05.2019ലെ സ്ഥിതി അതോറിട്ടിക്ക് സമർപ്പിച്ച് അംഗീകാരം നേടി തുടരാമെന്നാണ് ഉത്തരവിലുള്ളത്. ഇതിൽ ഏതൊക്കെ ഉൾപ്പെടുത്തി, ഒഴിവാക്കി എന്നൊന്നും വ്യക്തമല്ല.