തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട 1450 കേരളാ പൊലീസ് സേനാംഗങ്ങൾക്ക് ഉത്തരേന്ത്യയിൽ ദുരിതം. 45 ദിവസമായി സുരക്ഷാ ഡ്യൂട്ടി ചെയ്യുന്ന 16 കമ്പനി സേന ഇപ്പോൾ ഹരിയാനയിലാണുള്ളത്. 9 സംസ്ഥാനങ്ങളിൽ ഡ്യൂട്ടി ചെയ്തു കഴിഞ്ഞു. സംഘത്തിൽപ്പെട്ട നിരവധിപ്പേർക്ക് മഞ്ഞപ്പിത്തം, പനി, നെഞ്ചുവേദന തുടങ്ങിയവ പിടിപെട്ടു. മഞ്ഞപ്പിത്തം ബാധിച്ച 40 പൊലീസുകാരെ കേരളത്തിലേക്ക് മടക്കി. 15 ദിവസം വരെ ഡ്യൂട്ടി നൽകുകയാണ് പതിവ്. പക്ഷേ, ഇത്തവണ 45ദിവസമായിട്ടും സേനാംഗങ്ങളെ മാറ്റാത്തതാണ് പ്രശ്‌നമായത്.
മാർച്ച് 28നാണ് 16കമ്പനി സേന ആന്ധ്രാപ്രദേശിലെത്തിയത്. അവിടെ നിന്ന് കോയമ്പത്തൂരിലേക്കും കേരളത്തിലേക്കും അയച്ചു. തുടർന്ന് കേന്ദ്രഭരണ പ്രദേശമായ ഡാമൻ ഡ്യൂവിലേക്ക് അയച്ചു. പിന്നീട് മഹാരാഷ്ട്ര, ബീഹാർ, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലയച്ചു. 19ന് പഞ്ചാബിലേക്ക് പോകണം. ഇന്ത്യാ റിസർവ് ബറ്റാലിയൻ, എസ്.എ.പി, സായുധ ബറ്റാലിയനുകൾ എന്നിവിടങ്ങളിലെ അംഗങ്ങളാണ് സുരക്ഷാസംഘത്തിലുള്ളത്. രാവിലെ 9 വരെയേ റൂട്ട് മാർച്ച് നടത്താവൂ എന്നാണ് ചട്ടമെങ്കിലും രാജസ്ഥാനിൽ 43 ഡിഗ്രി സെൽഷ്യസ് ചൂടിൽ ഉച്ചയ്ക്ക് 12വരെ സേനാംഗങ്ങളെ കൊണ്ട് റൂട്ട് മാർച്ച് ചെയ്യിച്ചു. മരുഭൂമിയിൽ കൂടി 25കിലോമീറ്റർ റൂട്ട് മാർച്ചാണ് നടത്തേണ്ടത്. തളർന്നു വീണവരെ വാഹനത്തിൽ എടുത്തിട്ടു. കൊടും ചൂടുള്ള രാജസ്ഥാനിൽ നിന്ന് ഹിമാചൽ പ്രദേശിലെ കൊടുംതണുപ്പിലേക്കാണ് സേനയെ അയച്ചത്. സംസ്ഥാന പൊലീസ് നേതൃത്വം ഇടപെട്ട് സേനാംഗങ്ങളെ തിരിച്ചുവിളിച്ച് പകരം പുതിയവരെ നിയോഗിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
ബാരക്കുകളിൽ 25ശതമാനം സേനാംഗങ്ങൾ അസുഖബാധിതരായിട്ടും പൊലീസ് നേതൃത്വം അന്വേഷിച്ചില്ലെന്നും പരാതിയുണ്ട്. എസ്.എ.പി കമാൻഡന്റ് പി.എ.വിൽസൺ, ഐ.ആർ ബറ്റാലിയനിലെ ഹരിലാൽ എന്നീ ഉദ്യോഗസ്ഥർക്കാണ് സേനയുടെ നേതൃത്വം. മെസ് നടത്തിപ്പിനായി മലിനമായ സ്ഥലമാണ് മിക്കയിടത്തും ലഭിച്ചതെന്നും മതിയായ വൈദ്യസഹായം പോലും ലഭിക്കുന്നില്ലെന്നും സേനാംഗങ്ങൾ പറഞ്ഞു.