തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ തെറ്റായ വിലാസത്തിൽ ശേഖരിക്കുകയും ക്രമക്കേട് കാട്ടുകയും ചെയ്ത സംഭവത്തിൽ അന്വേഷണം ഇഴയുന്നു. 15നകം വിശദ റിപ്പോർട്ട് നൽകണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ നിർദ്ദേശമുണ്ടെങ്കിലും അന്വേഷണം കാര്യക്ഷമമല്ല.
കുറ്രക്കാർ ആരാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ ഐ.ആർ ബറ്രാലിയനിലെ പൊലീസുകാരുടെ മൊഴി പോലും ഇതുവരെ രേഖപ്പെടുത്തിട്ടില്ല. തൃശൂർ ഇന്ത്യാ റിസർവ് ബറ്റാലിയനിൽ മാത്രമായി അന്വേഷണം പരിമിതപ്പെടുത്താനും ശ്രമമുണ്ട്. സംസ്ഥാനത്താകെ പോസ്റ്റൽ ബാലറ്റ് ക്രമക്കേട് നടന്നതായി ഇന്റലിജൻസ് മേധാവിയുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഉത്തരേന്ത്യയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ 1450 പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ ഒരു ഉദ്യോഗസ്ഥൻ ശേഖരിച്ചതായും വിവരം ലഭിച്ചിരുന്നു. ഉത്തരേന്ത്യയിൽ പോയവർ 20ന് ശേഷമേ തിരിച്ചെത്തൂ. എല്ലാവരുടെയും മൊഴി രേഖപ്പെടുത്തിയാലേ അന്വേഷണം പൂർത്തീകരിക്കാനാവൂ എന്നാണ് ക്രൈംബ്രാഞ്ച് വാദം.
ബാലറ്റ് തിരിമറിയിൽ പൊലീസ് അസോസിയേഷനുകളുടെ ഇടപെടലിനെയും ഭീഷണിയെയും കുറിച്ചു അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നാണ് മീണ ഡി.ജി.പിയോട് നിർദ്ദേശിച്ചത്. എന്നാൽ ഈ വഴിക്കുള്ള അന്വേഷണം തുടങ്ങിയിട്ടുപോലുമില്ല.