കുളത്തൂർ : സംസ്ഥാന സർക്കാരിന്റെ മഴക്കാല പൂർവ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പാർവതി പുത്തനാറിന്റെ കഴക്കൂട്ടം മണ്ഡലത്തിലെ പള്ളിത്തുറ പ്രദേശത്തെ ഇരുകരകളിലും ശുചീകരണ പ്രവർത്തനം ആരംഭിച്ചു. തെറ്റിയാർ അവസാനിക്കുന്ന വേളിയിലെ നാല്പതടി പാലത്തിന്റെ താഴെയുള്ള തെറ്റിയാറിലും ശുചീകരണത്തിന് തുടക്കം കുറിച്ചു. വി.എസ്.എസ്.സിയുടെ ഭാഗമായ വേളിമലയുടെ അടിവാരത്തെ നാല്പതടിപ്പാലത്തിൽ ഒഴുക്ക് തടസപ്പെട്ട് ലോഡുകണക്കിന് മാലിന്യം നിറഞ്ഞ് ദുർഗന്ധപൂരിതമാണ്. ഇവിടം മുതൽ വേളികായൽ വരെയുള്ള തെറ്റിയാറിന്റെ ഭാഗം ഒഴുകുന്നത് വി.എസ്.എസ്.സി യുടെ കോമ്പൗണ്ടിനുള്ളിലൂടെയാണ്. ഇതിനുള്ളിലെ തടസങ്ങൾ മാറ്റിയാലേ തെറ്റിയാറിന് സുഗമമായി ഒഴുകാവാനാകൂ. ഇതിനാകട്ടെ വി.എസ്.എസ്.സിയുമായി സർക്കാരിന്റെയും ജില്ലാ കളക്ടറുടെയും ഇടപെടൽ വേണ്ടതുണ്ടെന്ന് നാട്ടുകാരും ജനപ്രതിനിധികളും പറയുന്നു. സമീപത്തെ ലേബർ ക്യാമ്പുകളിൽ നിന്ന് തുറന്നുവിടുന്ന കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക്കും അജൈവ മാലിന്യങ്ങളും കുന്നുകൂടി കിടക്കുകയാണ്. വളർന്നുകിടക്കുന്ന കളകളും ഒഴുക്ക് തടസപ്പെടുത്തി വീണുകിടക്കുന്ന മരങ്ങളും വേറെ. ഇവിടെ നിന്നുള്ള ദുർഗന്ധം കാരണം റെയിൽവേ ട്രാക്കിന്റെ കിഴക്കു ഭാഗത്ത് താമസിക്കുന്ന ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ഇവിടത്തെ തെറ്റിയാർ ശുചീകരണത്തിന് ഇറിഗേഷൻ വകുപ്പ് പ്രത്യേക ഫണ്ട് അനുവദിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കൗൺസിലർമാരായ മേടയിൽ വിക്രമൻ, ശിവദത്ത്, പ്രതിഭ ജയകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സന്നദ്ധ സംഘടന പ്രവർത്തകർ, കോർപറേഷനിലെയും ആരോഗ്യവകുപ്പിലെയും ജീവനക്കാർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.