വിഴിഞ്ഞം: വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ഗ്രേഡ് എസ്.ഐയെ ഇടിച്ചു വീഴ്ത്തി. ഇന്നലെ രാത്രി 8.30 ഓടെ കല്ലുവെട്ടാൻ കുഴിയിലായിരുന്നു സംഭവം. തലയ്ക്ക് ഗുരുതര പരിക്കേറ്റ വിഴിഞ്ഞം ഗ്രേഡ് എസ്.ഐ വിജയനെ അടിയന്തര ചികിത്സയ്ക്കായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അമിത വേഗതയിൽ എത്തിയ ബൈക്ക് വിജയനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രികരിൽ ഒരാളായ കട്ടച്ചൽകുഴി വിഷ്ണുഭവനിൽ വിഷ്ണു (23)വിനെ സംഭവ സ്ഥലത്തുവച്ചുതന്നെ പിടികൂടി. ഇയാളുടെ കൈയിൽ നിന്നു കഞ്ചാവ് പൊതി കണ്ടെത്തിയതായി വിഴിഞ്ഞം എസ്.ഐ തൃദീപ് ചന്ദ്രൻ പറഞ്ഞു. മറ്റു രണ്ടു പേർ ബൈക്കുമായി രക്ഷപ്പെട്ടു. ഇവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. പരിക്കേറ്റ എസ്.ഐയെ രക്ഷിക്കുന്നതിനിടെയാണ് സംഘത്തിലെ മറ്റ് രണ്ടുപേർ ബൈക്കുമായി രക്ഷപ്പെട്ടത്. വീഴ്ചയ്ക്കിടെ പിടിയിലായ വിഷ്ണുവിന് മുഖത്ത് പരിക്കേറ്റു. ഇയാളെ വിഴിഞ്ഞം സമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമികശുശ്രൂഷ നൽകി. അടിയന്തര ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രക്ഷപ്പെട്ടവരിൽ ഒരാൾ മംഗലത്തുകോണം സ്വദേശിയും രണ്ടാമൻ കാരയ്ക്കാ മണ്ഡപം സ്വദേശിയുമാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.