നെയ്യാറ്റിൻകര: നഗരസഭയിലെ വിവിധ വാർഡുകളിൽ ബി.പി.എൽ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ക്രമക്കേട് നടക്കുന്നതായി പരാതി. ഗ്രാമസഭകൾ ചേർന്ന് യോഗ്യരുടെ പേരും വിവരവും വായിച്ച് അംഗീകരിച്ച ശേഷം മാത്രമേ ബി.പി.എൽ കാർഡുകൾ നൽകാൻ പാടുള്ളൂവെന്ന് നിർദ്ദേശമുണ്ടായിരിക്കെ അതൊന്നും പാലിക്കാതെയാണ് സർട്ടിഫിക്കറ്റ് നൽകുന്നതത്രേ. ശരിയായ അന്വേഷണമോ തെളിവോ ശേഖരിക്കാതെ 2009ൽ നഗരസഭ തയ്യാറാക്കിയ പട്ടിക അനുസരിച്ചാണത്രേ ഇപ്പോഴും സർട്ടിഫിക്കറ്റുകൾ നൽകുന്നത്. മാത്രമല്ല അർഹരായവരെ ഒഴിവാക്കിയും അനർഹരെ തിരുകിക്കയറ്റിയും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതായും ഇതേക്കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്നും നഗരസഭാ കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവ് വിജിലൻസിന് പരാതി നൽകി. പഴയ ബി.പി.എൽ വിഭാഗത്തിന്റെ പട്ടികയിൽ കടന്നുകൂടിയിട്ടുള്ള അനർഹർ ഇപ്പോഴും അതേ പട്ടികയിൽ തന്നെ തുടരുകയാണ്. റേഷൻ കാർഡ് പുതുക്കൽ സമയത്ത് അനർഹരെ ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം പാടെ അവഗണിച്ചാണ് സമ്പന്നർ ഉൾപ്പടെയുള്ളവർ ബി.പി.എൽ പട്ടികയിൽ തുടരുന്നത്.
റോഷൻ കാർഡ് ഉടമയെ മുൻഗണന (പ്രയോറിട്ടി), മുൻഗണന ഇതരം (നോൺ പ്രയോറിട്ടി), എ.എ.വൈ, സംസ്ഥാന മുൻഗണന എന്നിങ്ങനെ തരംതിരിച്ച പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. കാർഡ് പുതുക്കുന്ന ഫോമിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ ക്രിമിനൽ നടപടിക്ക് വിധേയരാക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് പലരും പട്ടികയിൽ തുടരുന്നത്.
നഗരസഭ നൽകുന്ന ബി.പി.എൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ സിവിൽ സപ്ലൈസ് അധികൃതർ കണ്ടെത്തി ബി.പി.എൽ റേഷൻ കാർഡുകൾ നൽകുന്നത്. ഇത്തരത്തിൽ ബി.പി.എൽ റേഷൻകാർഡുകൾ നേടി സർക്കാരിൽ നിന്നു ആനുകൂല്യങ്ങൾ പലരും കൈപ്പറ്റുന്നുണ്ടെന്നും ഇതും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും നിവേദനത്തിൽ പറയുന്നു. സൗജന്യ പാചകവാതക കണക്ഷന്റെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെയും വിദ്യാഭ്യാസ ആനുകൂല്യത്തിന്റെയും പരിരക്ഷ ഈ സർട്ടിഫിക്കറ്റിലൂടെയാണ് ലഭിക്കേണ്ടത്. അനർഹർ സർട്ടിഫിക്കറ്റ് സ്വന്തമാക്കി ആനുകൂല്യങ്ങൾ നേടുമ്പോൾ അർഹർ പിന്തള്ളപ്പെടുകയാണ്.