ddd

നെയ്യാറ്റിൻകര : നഗരസഭയിലെ മുഴുവൻ ജനങ്ങളുടേയുെ സന്നദ്ധ സംഘടനകളുടേയും പങ്കാളിത്തം പ്രതീക്ഷിച്ചാണ് നഗരസഭ ക്ലീൻസിറ്റി ഗ്രീൻസിറ്റി പദ്ധതി ആസൂത്രണം ചെയ്തത്. എന്നാൽ നാട്ടുകാരുടെ പക്ഷത്തുനിന്നും പദ്ധതിക്ക് ലഭിക്കുന്നതാകട്ടെ തണുത്ത പ്രതികരണവും. ഇടവപ്പാതിയെ മുന്നിൽ കണ്ട് നഗരസഭ പ്രദേശങ്ങൾ ശുചീകരിക്കാൻ അധികൃതർ ആരംഭിച്ച പദ്ധതിയോടാണ് ഈ നിസംഗത. ഇതോടെ പദ്ധതി തുടക്കത്തിൽ തന്നെ പാളുമെന്ന അവസ്ഥയിലാണ്. ജനപങ്കാളിത്തം ഇല്ലാതായതോടെ ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷൻ മുരത്തൂർ തോട് പദ്ധതിയും ജനപങ്കാളിത്തം ഇല്ലാതായതോടെ പാതിവഴിയിലായി. ഇവിടെയും പ്രദേശവാസികളുടെ സഹകരണം പ്രതീക്ഷിച്ചെങ്കിലും നഗരസഭയിലെ കണ്ടിജൻസ് ജീവനക്കാർ മാത്രമാണ് തോട് ശുചീകരണത്തിന് ഇറങ്ങിയത്. ശുചീകരണത്തിന് ജനപങ്കാളിത്തത്തിന് നഗരസഭാ അധികൃതർ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത സന്നദ്ധ സേവാ സംഘനടകളുടെ പ്രവർത്തകർ പോലും ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെടാത്തത് അധികൃതരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മരുത്തൂർ തോടിലാകട്ടെ ടി.ബി.ജംഗ്ഷന് സമീപവും നിലമേലും തുടങ്ങിയ ചില ഭാഗങ്ങളിൽ മാത്രമേ പ്ലാസ്ടിക്കും മറ്റ് മാലിന്യങ്ങളും വന്നടിഞ്ഞ് വൃത്തിഹീനമായിട്ടുള്ളു. ഇവ ശുചിയാക്കുവാൻ നഗരസഭക്ക് ഫണ്ട് അനുവദിച്ചിട്ടുള്ള സാഹചര്യത്തിൽ സന്നദ്ധ സംഘടനകളുടെ ശ്രമദാനം ആവശ്യപ്പെടുന്നത് അനുവദിക്കപ്പെട്ട ഈ തുക തിരിമറിക്കാനാണെന്നാണ് പ്രതിപക്ഷ കൗൺസിലർമാരുടെ ആരോപണം. മരുത്തൂർ തോടും അടിയന്തിരമായി ശുചീകരിച്ചില്ലെങ്കിൽ ഇവിടെയുള്ള മലിന ജലവും നെയ്യാറിലേക്ക് ഒഴുകിയെത്തും.

 മഴക്കാല പൂർവ ശുചീകരണത്തിനായി നെയ്യാറ്റിൻകര നഗരസഭയിലെ 44 വാർഡുകളിലേക്കായി 50 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഈ തുക മതി വാർഡുകൾ ശുചീകരിക്കാൻ

 മലിനമയം

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിന്നും പുറം തള്ളുന്ന മാലിനജലം ഉൾപ്പടെയുള്ളവ ചെന്നുചേരുന്നത് നെയ്യാറിലേക്കാണ്. ഈ ജലാശയങ്ങളിൽ നിന്നുമാണ് വാട്ടർ അതോറിട്ടി കുടിവെള്ളം ശേഖരിക്കുന്നത്. ഈഴക്കുളത്തിന്റെ അവസ്ഥയിലും മാറ്റമില്ല. മാലിന്യം വന്നടിഞ്ഞ് രോഗവാഹിനിയായി മാറിയിരിക്കുകയാണ് ഈ ജലാശയങ്ങൾ. ടൗൺ പ്രദേശത്തെ ഓടകളും മഴവെള്ളം ഒലിച്ചുപോകാത്ത വിധം അടഞ്ഞിരിക്കുകയാണ്. മഴക്കാല പൂർവ ശുചീകരണത്തിനും വിവിധ ഘട്ടങ്ങളിലായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കുമായി നഗരസഭ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ള തുകകൾ വിനിയോഗിക്കുന്നതിലുള്ള പാകപ്പിഴയും മാലിന്യ നിർമ്മാർഝ്ഝനത്തെ ബാധിച്ചു.

വില്ലനായ് പ്ലാസ്റ്റിക്

പ്ലാസ്റ്റിക് കുപ്പികളുടേയും വസ്തുക്കളുടേയും നിരന്തര ഉപയോഗമാണ് നഗരസഭാ പ്രദേശത്തെ ഇത്രയധികം മലിനമാക്കാൻ കാരണം. എന്നാൽ ഇവ നിയന്ത്രിക്കുവാൻ അധികൃതർ യാതൊന്നും ചെയ്തിട്ടില്ല. മാലിന്യ നിർമാർജനത്തിനും ശുചീകരണത്തിനും തുക നഗരസഭ മാറ്റി വച്ചിട്ടും ഇപ്പോഴും മാലിന്യമയമാണ് ടൗൺ. എന്നിട്ടും ജനപങ്കാളിത്തമില്ലെങ്കിൽ മാലിന്യ നിർമ്മാർജ്ജന പദ്ധതികൾ പരാജയപ്പെടുമെന്ന അധികൃതരുടെ വിലാപം മിച്ചവും.

 കണക്കുകൾ ഇങ്ങനെ

1. മഴക്കാല പൂർശുചീകരണത്തിനായി ബഡ്ജറ്റിൽ അനുവദിച്ചത് - 9 ലക്ഷം

2. മാലിന്യമുക്ത നഗരസഭാ പദ്ധതിക്കായി- 5 ലക്ഷം

3. ശുചീകരണത്തിനുള്ള അസംസ്കൃത വസ്തുക്കൾക്ക് - 2 ലക്ഷം

4. പ്ലാസ്റ്റിക് ഷ്രഡിംഗ് മെഷീൻ വാങ്ങാൻ -10 ലക്ഷം

5. പ്ലാസ്റ്റിക് ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ- 10 ലക്ഷം

6. വിവിധ മാർക്കറ്റുകൾ ശുചീകരിക്കാൻ - 25 ലക്ഷം

7. ഹരിത കർമ്മ സേന രൂപീകരിക്കാൻ- 30 ലക്ഷം