1

നേമം: വെള്ളായണി കായലിനോട് ചേർന്നുള്ള കാഞ്ഞിരത്തടി പാടശേഖരത്തെ സംരക്ഷിക്കണമെന്ന നാട്ടുകാരുടെ മുറവിളി തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. ഏകദേശം 20 ഹെക്ടറോളം നെൽകൃഷിയും പച്ചക്കറി കൃഷിയുമുള്ള പാടശേഖരത്തിലെ വിളകൾ കന്നുകാലിചാലിലെ കുളവാഴയുടെ കടന്നുകയറ്റം കാരണം നശിക്കുകയാണ്. ഇതിലൂടെ വൻ കൃഷിനാശമാണ് കർഷകർ നേരിടുന്നത്. മഴക്കാലങ്ങളിൽ കന്നുകാലി ചാലിൽ ഒഴുകിയെത്തുന്ന പള്ളിച്ചൽ തോട്ടിലെ വെള്ളവും വെള്ളായണി കായലിൽ നിന്നും വരുന്ന വെള്ളവും കാരണം കന്നുകാലി ചാൽ നിറയുകയും ചാലിൽ നിറഞ്ഞ് കിടക്കുന്ന കുളവാഴയും വെള്ളവും ചാലിനോട് ചേർന്നുകിടക്കുന്ന പാടശേഖരത്തേക്ക് എത്തുകയും ചെയ്യുന്നു. വെള്ളത്തിന്റെ ശക്തി കൂടുംബോൾ ബണ്ഡ് പൊട്ടിയാണ് വെള്ളം പാടശേഖരത്തിൽ എത്തുന്നത്. വൻ തോതിൽ പാടശേഖരത്തിൽ വെള്ളവും കുളവാഴയും നിറയുന്നതോടെ ഇവിടുത്തെ കൃഷിയും നശിക്കാൻ തുടങ്ങും. ഇതാണ് കാലങ്ങളായി വെള്ളായണി കൃഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കാഞ്ഞിരത്തടി പാടശേഖരത്തിന്റെ തറ നിരപ്പിൽ നിന്നും വെളളായണികായൽ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇതും മഴക്കാലത്ത് പാടശേഖരം വളരെ വേഗത്തിൽ വെളളത്തിനടിയാലാകാൻ കാരണമാകുന്നു. അധികൃതർ ഇടപെട്ട് എത്രയും വേഗം കന്നുകാലിചാലിലെ കുളവാഴ നീക്കം ചെയ്യണമെന്നാണ് കർഷകരുടെയും പാടശേഖര സമിതിയുടെയും ആവശ്യം. വെള്ളായണി കായലിന് സമീപത്തെ ബാക്കിയുള്ള പണ്ഡാരക്കരി, നിലമക്കരി, മാങ്കിളിക്കരി, മേലെമാങ്കിളിക്കരി തുടങ്ങിയ പാടശേഖരങ്ങളുടെയും അവസ്ഥ വ്യത്യസ്തമല്ല. കുളവാഴയും വെള്ളപ്പൊക്കവും ഇവിടെയും വില്ലാനാകുന്നുണ്ട്.

കാലങ്ങളായി കായലിൽ അടിഞ്ഞുകൂടുന്ന എക്കലും ചെളിയും നീക്കം ചെയ്ത് കായലിന്റെയും കന്നുകാലിചാലിന്റെയും ആഴം കൂട്ടണമെന്നാണ് കർഷകരുടെ ആവശ്യം. എങ്കിൽ മാത്രമേ പാടശേഖരത്തെ വെള്ളപ്പൊക്കത്തിൽ നിന്നു സംരക്ഷിക്കാൻ കഴിയൂ.

ഇടവപ്പാതിയിലെ മഴയെ ലക്ഷ്യം വച്ച് കാഞ്ഞിരത്തടി പാടശേഖരത്തെ കർഷകർ പാകമാകുന്ന നെല്ളുകൾ കൊയ്യാൻ തുടങ്ങി. എന്നാൽ പാകമാകാത്ത ബാക്കിയുള്ള നെല്ലുകളും പാടത്തെ ഏറ്റവും കൂടുതലുള്ള ഏത്തവാഴകൃഷിയും പല തരത്തിലുള്ള പച്ചക്കറികളും ഇനിയും ബാക്കിയുണ്ട്. ഇത് മഴയ്ക്ക് മുൻപ് വിളവെടുക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് കർഷകർ. മഴയെയും വെള്ളപ്പൊക്കത്തെയും ചെറുക്കാൻ കർഷകർക്ക് ആകെയുള്ളത് മൈനർ ഇറിഗേഷൻ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പമ്പ് ഹൗസും അതിലെ 50 എച്ച്.പി ശക്തിയുള്ള രണ്ട് മോട്ടറുകളുമാണ്. പാടശേഖരത്ത് വെള്ളം പൊങ്ങുമ്പോൾ മോട്ടറുപയോഗിച്ച് കന്നുകാലിച്ചാല് വഴി കരമന ആറിലേക്ക് വെള്ളം ഒഴുക്കിവിടുകയാണ് പതിവ്.

മഴക്കാലത്ത് പാടശേഖരത്തെ വെള്ളം പമ്പ് ഹൗസുവഴി വറ്റിക്കാനും വേനൽ കാലത്ത് കായലിൽ നിന്നും വെള്ളം പാടശേഖരത്തിലേക്ക് എത്തിക്കാനും ഉള്ള സംവിധാനവും ഇവിടെയുണ്ട്. അതിനായി പെട്ടിയും പറയും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പെട്ടിയും പറയുടെയും പ്രവർത്തനങ്ങൾക്കും കുളവാഴ തടസാമാകുന്നുണ്ട്.