1

പൂവാർ: ആവശ്യത്തിന് ജീവനക്കാരില്ല, സ്ഥലപരിമിതി കൊണ്ടുള്ള ബുദ്ധിമുട്ട് വേറെ. ഇതാണ് പുല്ലുവിള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ അവസ്ഥ. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഈ ആശുപത്രിയിൽ ഇൻപേഷ്യന്റ് വിഭാഗത്തിൽ 25 കിടക്കകളാണ് ഉള്ളത്. പ്രതിദിനം പുതിയതും പഴയതുമായ 500 ൽ പരം ഒ.പികളിലായി ചികിത്സതേടിയെത്തുന്ന ഈ ആശുപത്രിയുടെ വികസനം മുരടിച്ചിട്ട് വർഷങ്ങൾ ഏറെയായി. കാഞ്ഞിരംകുള്, കരുംകുളം, കോട്ടുകാൽ പഞ്ചായത്തുകളിലെ ജനങ്ങൾ കൂടുതലായും ആശ്രയിക്കുന്നത് ഈ ആശുപത്രിയെയാണ്. എന്നാൽ ജനങ്ങൾക്ക് ആവശ്യമായ ചികിത്സ നൽകാൻ ആശുപത്രി അധികൃതർ നന്നെ പാടുപെടുകയാണ്. സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ആവശ്യത്തിനുള്ള ഡോക്ടർമാർ ഉണ്ടെങ്കിലും ഒരാൾ പാലിയേറ്റീവ് കെയറിലേക്കും ഒരാൾ നൈറ്റ് ഡ്യൂട്ടിക്കും ഒരാൾ ഓഫിലും ആയാൽ പിന്നീടുള്ള ഡോക്ടർമാർക്ക് ചികിത്സ നടത്താൻ വളരെ പാടുപെടുകയാണ്. അപ്രതീക്ഷിതമായി ഡോക്ടർമാർ ഇല്ലാതായാൽ ചികിത്സയ്ക്കെത്തുന്ന നാട്ടുകാരും ആശുപത്രി അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടാകുന്നതും ഇവിടെ പതിവാണ്. ഡോക്ടർമാർ ഉൾപ്പടെ എല്ലാ സെക്ഷനിലും ജീവനക്കാർ അധിക ഡ്യൂട്ടി ചെയ്യാൻ നിർബന്ധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിൽ.

2009ൽ സുനാമി പുനരധിവാസ ഫണ്ട് ഉപയോഗിച്ച് ആരോഗ്യവകുപ്പ് നിർമ്മിച്ച ഒ.പി മന്ദിരവും വിശ്രമകേന്ദവും പാർക്കിംഗ് സൗകര്യവുമാണ് അവസാനമായി നടത്തിയ എടുത്തുപറയേണ്ട നവീകരണം പ്രവർത്തനം. കെട്ടിടങ്ങളുടെ അപര്യാപ്തതയും സ്ഥലക്കുറവും ആരോഗ്യ കേന്ദ്രത്തെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു. ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും വിശ്രമിക്കാനാവശ്യമായ സ്ഥലം ക്രമീകരിക്കാൻ പോലും നാളിതുവരെ കഴിഞ്ഞിട്ടില്ല. മരുന്നുകളുടെ അഭാവം, വിദക്ത പരിശോധന എന്നീ കാരണങ്ങൾ പറഞ്ഞ് പലപ്പോഴും മറ്റ് ആശുപത്രിയിലേക്ക് ചികിത്സ തേടി പോകാൻ നിർബന്ധിതരാകുകയാണ് രോഗികൾ.

തീരദേശ മേഖലകൂടിയായതിനാൽ പല തരത്തിലുള്ള പകർച്ചവ്യാഥികളും മറ്റ് ദുരന്തങ്ങളും പ്രകൃതി ക്ഷോഭങ്ങളും വളരെ വേഗം ബാധിക്കുന്ന ഒരു മേഖലകൂടിയാണിത്. അവയെല്ലാം പ്രാഥമികമായി നേരിടേണ്ടതാകട്ടെ പുല്ലുവിള ആശുപത്രിയാണ്. എന്നാൽ നിലവിൽ ജനറൽ വിഭാഗത്തിലുള്ള 6 ഡോക്ടർമാരുടെ സേവനമാണ് ഇവിടെയുള്ളത്. ഇതിൽ ആരെങ്കിലും ലിവെടുത്താൽ കാര്യങ്ങൾ തലകീഴായി മറിയും. പലപ്പോഴും ഡോക്ടർമാരുടെ സേവനം വൈകുന്നേരങ്ങളിൽ കിട്ടാറില്ലെന്നാണ് പരാതി. ശനിയാഴ്ചകളിൽ രാത്രിയിൽ പൊതുവെ ഡോക്ടർമാർ കാണാറില്ല. ഇനിയും ഒരു ഡോക്ടറെകുടി നൽകിയെങ്കിൽ മാത്രമെ ചികിത്സ കൃത്യമായി നടക്കു എന്നാണ് മറ്റ് ഡോക്ടർമാർ പറയുന്നത്.