ration

തിരുവനന്തപുരം:സിവിൽ സപ്ലൈസിന്റേതുൾപ്പെടെയുള്ള ഗോഡൗണുകളിൽ നിന്ന് ഒരു മാസം കുറഞ്ഞത് പതിനായിരം ടൺ റേഷൻ അരി കടത്തിക്കൊണ്ടുപോകുന്നതായി ഭക്ഷ്യവകുപ്പിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഈ അരി കിലോയ്‌ക്ക് ശരാശരി 11 രൂപയ്‌ക്ക് കരിഞ്ചന്തക്കാർക്ക് നൽകുന്നതിലൂടെ തട്ടിപ്പുകാർ മേലനങ്ങാതെ 10 കോടി രൂപയെങ്കിലും കീശയിലാക്കുന്നു. കരിന്തക്കാരാകട്ടെ ഈ അരി പോളീഷ് ചെയ്‌തും മറ്റും കിലോയ്‌ക്ക് 32 രൂപയ്‌ക്ക് പൊതുവിപണിയിൽ വിൽക്കുന്നു. അവരുണ്ടാക്കുന്നത് 20 കോടിരൂപ !

സംസ്ഥാനത്താകെയുള്ള ഇരുന്നൂറോളം ഗോഡൗണുകളിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ ലഭിച്ചത്. സപ്ലൈകോയുടേതിന് പുറമേ വാടക ഗോഡൗണുകളും ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പ് കാലത്തിന്റെ മറവിലാണ് തട്ടിപ്പ് അരങ്ങേറിയത്.

എല്ലാ ഗോഡൗണുകളിലും തട്ടിപ്പ് നടക്കാത്തതിനാലും ചില ഗോഡൗണുകളിലെ തട്ടിപ്പിന് ഏറ്റക്കുറച്ചിലുകൾ ഉള്ളതിനാലും വിശദമായ അന്വേഷണം നടക്കുകയാണ്.

ഒരു ലോഡിൽ വെട്ടിക്കുന്നത് 10 ചാക്ക്

ഒരു ലോഡിൽ 206 ചാക്ക് ധാന്യം.

ഇതിൽ ആറെണ്ണം ചാക്കിന്റെ തൂക്കത്തിന് പകരമുള്ളതാണ്. അത് അപ്പടി മാറ്രും പിന്നെ ഒരോ ചാക്കും കുത്തി നാല് ചാക്ക് അരി ചോർത്തിയെടുക്കും. അങ്ങനെ മൊത്തം 10 ചാക്ക്

 ഒരു ചാക്കിൽ 50 കിലോഗ്രാം വച്ച് വെട്ടിക്കുന്നത് 500 കിലോഗ്രാം

ഒരു മാസം ശരാശരി 100 ലോഡ് ധാന്യം ഗോഡൗണുകളിൽ എത്തും

100 ലോഡിൽ വെട്ടുന്നത് 1000 ചാക്ക്.

അതായത് 50,000 കിലോ അരി ഒരു ഗോഡൗണിൽ നിന്ന് കരിഞ്ചന്തയിലേക്ക്.

 200 ഗോഡൗണിൽ വെട്ടിപ്പ് നടന്നാൽ കരിഞ്ചന്തയിലെത്തുന്നത് 10,000 ടൺ (ഒരുകോടി കിലോ) അരിയാണ്.

കടത്ത് ഇങ്ങനെ

റേഷൻ കടക്കാർക്ക് നൽകാനുള്ള അരിയുടെ തൂക്കം കാണിക്കുന്ന ബില്ലിന്റെ കോപ്പി ഒന്നു കൂടി എടുത്താണ് വെട്ടിക്കുന്ന അരി കൊണ്ടു പോകുന്നത്. വഴിയിലെ പരിശോധനയിൽ പിടി വീഴാതിരിക്കാനാണിത്.

 ഉദാഹരണം ചാത്തൻപാറ

വർക്കല ചാത്തൻപാറയിലെ ഗോഡൗണിലെ വെട്ടിപ്പിന്റെ വിവരം ലഭിച്ചതിനെ തുടർന്ന് സെക്രട്ടേറിയറ്റിലെ ഭക്ഷ്യവകുപ്പ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തി. രഹസ്യപരിശോധനാ വിവരം ആരോ ‌ഗോഡൗൺ അധികൃതരെ അറിയിച്ചു. അവർ ഗോഡൗൺ പൂട്ടി സ്ഥലം വിട്ടു. സാധാരണ ഗോഡൗൺ സാമ്പത്തിക വർഷത്തിന്റെ അവസാനം കണക്കെടുപ്പ് നടക്കാറുണ്ട്. പുറത്തു നിന്നുള്ള ഉദ്യോഗസ്ഥരാവും പരിശോധിക്കുന്നത്. വർക്കലയിൽ അതുണ്ടായില്ല. അവിടത്തെ ഉദ്യോഗസ്ഥർ തന്നെ കണക്കെടുത്ത് റിപ്പോർട്ട് നൽകി !

'' ചാത്തൻപാറയിലെ ‌ഗോഡൗണിലെ പരിശോധനാ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. മേൽ നടപടികൾ വേഗം കൈക്കൊള്ളും. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകും. മറ്റ് ഗോഡൗണുകളിലെ കണക്കുകളും പരിശോധിക്കും''-

ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫീസ്.