വർക്കല: ടൂറിസം മേഖലയും വർക്കല, പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വിവിധ കോളേജുകളും കേന്ദ്രീകരിച്ച് ലഹരിഗുളികകളും കഞ്ചാവും വില്പന നടത്തി വന്നിരുന്നയാൾ പിടിയിൽ. വർക്കല ജനാർദ്ദനപുരം ലക്ഷംവീട്ടിൽ രതി എന്നു വിളിക്കുന്ന രഞ്ജിത്ത് (54) ആണ് ഇന്നലെ രാവിലെ 11 ഓടെ വർക്കല എസ്.എൻ കോളേജിനു സമീപത്തു നിന്ന് വർക്കല പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 50 പൊതി കഞ്ചാവും 60 നൈട്രാസപാം ഇനത്തിൽപ്പെട്ട മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തു. ഇയാൾ ഓടിച്ചിരുന്ന ഗുഡ്സ് ആട്ടോയും കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവി ബി. അശോകിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഫേമസ് വർഗീസിന്റെ നിർദ്ദേശാനുസരണം വർക്കല സി.ഐ ജി. ഗോപകുമാർ, എസ്.ഐമാരായ ശ്യാംജി, ജി.എസ്. ജയകുമാർ, എ.എസ്.ഐ വിജയകുമാർ, എസ്.സി.പി.ഒ മുരളീധരൻ, സി.പി.ഒ അൻസർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ് വില്പന നടത്തിയ വിവിധ കേസുകളിൽ 2012ൽ ഇയാളെ വർക്കല എക്സൈസും വർക്കല പൊലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.