തിരുവനന്തപുരം:ഇന്ത്യയുടെ 'ഗഗൻയാൻ' ബഹിരാകാശ മനുഷ്യദൗത്യത്തിൽ

സഞ്ചാരികളാവാനുള്ള പരിശീലനത്തിന് രണ്ട് വനിതകൾ ഉൾപ്പെടെ ആറ് പേരെ തിരഞ്ഞെടുക്കും. യോഗ്യരായവരെ കണ്ടെത്താനുള്ള ചുമതല ബംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എയ്റോ സ്‌പെയ്സ് മെഡിസിനാണ്. ഇതിന്റെ കരാർ ഇൗ മാസം ഒപ്പിടും.

ആറുപേർക്കും പരിശീലനം നൽകും. മൂന്നംഗ ടീമായിരിക്കും ബഹിരാകാശത്തേക്ക് പറക്കുക.

വ്യോമസേനാംഗങ്ങൾക്കാണ് മുൻഗണന. ആകാശയാത്രയിലെ പരിചയവും ശാരീരിക ക്ഷമതയും ഒരു ദീർഘ ബഹിരാകാശ യാത്രയ്‌ക്ക് ആവശ്യമായ മാനസിക ശേഷിയും ഇവർക്കുണ്ടാവും. വ്യോമസേനയിൽ നിന്ന് യോഗ്യരെ കിട്ടിയില്ലെങ്കിൽ മാത്രം മറ്റ് വിഭാഗങ്ങളിൽ തിരയും.

ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ സി.എൻ.ഇ.എസ്, റഷ്യൻ ഏജൻസിയായ കോസ്‌മോസ് എന്നിവയുടെ സഹകരണത്തോടെയാണ് തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കിയത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടരവർഷത്തെ പരിശീലനം ഇന്ത്യയിലും വിദേശത്തുമായി നൽകും. പരിശീലന സൗകര്യങ്ങൾ പഠിക്കാൻ ഐ.എസ്.ആർ.ഒയുടെ മൂന്നംഗ സംഘം കഴിഞ്ഞ മാസം ഫ്രഞ്ച് എയ്റോ സ്പെയ്സ് മെഡിസിൻ കേന്ദ്രം സന്ദർശിച്ചു. ആ മാതൃകയിലായിരിക്കും ബംഗളൂരുവിൽ പരിശീലന കേന്ദ്രം തയ്യാറാക്കുക. പരിശീലനത്തിൽ സഹകരണത്തിന് ഈ സ്ഥാപനവുമായി ഐ.എസ്.ആർ.ഒ. ധാരണാപത്രം ഒപ്പിട്ടു. പരിശീലനത്തിന്റെ അന്ത്യഘട്ടത്തിലാണ് റഷ്യൻ സഹായം സ്വീകരിക്കുക.

മനുഷ്യദൗത്യത്തിനായുള്ള മറ്റ് തയ്യാറെടുപ്പുകളും ഐ.എസ്.ആർ.ഒ. ആരംഭിച്ചു. ഇതിനായി ശ്രീഹരിക്കോട്ടയിൽ മൂന്നാമത്തെ ലോഞ്ച് പാഡിന്റെ നിർമ്മാണം ആരംഭിച്ചു. ചെറിയ റോക്കറ്റ് വിക്ഷേപണങ്ങൾ ശ്രീഹരിക്കോട്ടയിൽ നിന്ന് ഗുജറാത്തിലെ പുതിയ വിക്ഷേപണ കേന്ദ്രത്തിലേക്ക് മാറ്റും.

മനുഷ്യപേടകമായ ക്രൂ മൊഡ്യൂളിന്റെയും ക്രൂസർവ്വീസ് മൊഡ്യൂളിന്റെയും രൂപകൽപന ഉടൻ പൂർത്തിയാകുമെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.കെ.ശിവൻ പറഞ്ഞു. ക്രൂമൊഡ്യൂൾ നേരത്തേ പരീക്ഷിച്ചിരുന്നു. ഇതിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് അന്തിമ രൂപകൽപന. സ്പെയ്സ് ക്യാപ്സ്യൂൾ റിക്കവറി പരീക്ഷണം, ക്രൂമൊഡ്യൂൾ അറ്റ്മോസ്‌ഫെറിക് റീ - എൻട്രി, പാഡ് അബോർട്ട് ടെസ്റ്റ് തുടങ്ങിയ പരീക്ഷണങ്ങൾ നേരത്തേ പൂർത്തിയാക്കിയിരുന്നു.

ഗഗൻയാൻ

മനുഷ്യപേടകത്തിന്റെ വിക്ഷേപണം 2022ൽ

ചിലവ് പതിനായിരം കോടി രൂപ

വിക്ഷേപണം ജി.എസ്.എൽ.വി. മാർക്ക് 3 റോക്കറ്റിൽ

പേടകത്തിന്റെ ഭാരം 7,000 കിലോഗ്രാം

400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥം

ഏഴ് ദിവസം പേടകം ഭൂമിയെ ചുറ്റും

പേടകം ഇറങ്ങുന്നത് ഗുജറാത്തിനടുത്ത് അറബിക്കടലിൽ