പൂവാർ: പകൽ വേളിച്ചത്തിൽ പോലും കടലിലേക്ക് ഇറച്ചി മാലിന്യം ഉൾപ്പടെ തള്ളുന്നത് പതിവായിരിക്കുകയാണ്. രാത്രിയുടെ മറവിൽ ദൂരസ്ഥലങ്ങളിൽ നിന്നും മാലിന്യം ബീച്ചിനും പരിസര പ്രദേശങ്ങളിലും നിക്ഷേപിക്കുന്നതിന് പുറമെയാണ് ഇപ്പോൾ പകൽ സമയവും മടികൂടാതെയുള്ള മാലിന്യം നിക്ഷേപം. രാത്രികാലങ്ങളിലെ മാലിന്യ നിക്ഷേപം രൂക്ഷമായതോടെ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് പഞ്ചായത്തും പൊലീസും കൈക്കൊണ്ടത്.
പൂവാർ പാലം ഭാഗത്ത് രാത്രി കാലങ്ങളിൽ ലൈറ്റുകൾ സ്ഥാപിച്ചും സി.സി.ടി.വി.ക്യാമറകൾ സ്ഥാപിച്ചും നിയന്ത്രണമേർപ്പെടുത്തിയിട്ട് ചുരുക്കം മാസങ്ങളെ ആയിട്ടുള്ളു.ബീച്ചിലും സമീപ പ്രദേശങ്ങളിലും ക്യാമറകൾ സ്ഥാപിക്കാൻ പഞ്ചായത്ത് പ്രത്യേക ഫണ്ട് പുതിയ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. പൂവാറിലെ കടൽ മേഖലയിൽ തെരുവ് നായ്ക്കളുടെയും പേപ്പട്ടിയുടെയും ശല്യം വർദ്ധിക്കാൻ കാരണം അനധികൃത മാലിന്യ നിക്ഷേപമാണെന്ന് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് ശക്തമായ നടപടി കൈക്കൊണ്ടതും നിയന്ത്രണം ശക്തമാക്കിയതും. എന്നാലിപ്പോൾ വീണ്ടും മാലിന്യ നിക്ഷേപം വ്യാപകമായിരിക്കുകയാണ്. പകൽനേരങ്ങളിലാണ് ബീച്ചിലും മറ്റിടങ്ങളിലും മിനിലോറിയിലും ഗുഡ്സ് ആട്ടോയിലും ഇറച്ചിവേസ്റ്റുകൾ കൊണ്ടു വന്നിടുന്നത് പതിവായിരിക്കുന്നു. മാലിന്യം തേടിയെത്തുന്ന കാക്കകളും പരുന്തും വട്ടമിട്ട് പറക്കുകയാണ് ബീച്ച് നിറയെ. കൂട്ടത്തിൽ തെരുവ് നായ്ക്കളും പിന്നെ മണിക്കൂറുകളോളം ഇവരുടെ യുദ്ധമാണ്. പൂവാർ പൊഴിക്കര, ഇ.എം.എസ് കോളനി, വരവിളത്തോപ്പ് ഭാഗത്താണ് മാലിന്യ നിക്ഷേപം വ്യാപകമായിരിക്കുന്നത്. പൊലീസ് ശക്തമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.