തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത സഹോദരനെ സംഘർഷാവസ്ഥ സൃഷ്ടിച്ച് മോചിപ്പിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ. സംഭവശേഷം ഒളിവിലായിരുന്ന സഹോദരങ്ങളായ കൊച്ചുവേളി പുതുവൽ ഹൗസിൽ ജോർജ് ഫ്രാൻസിസ് (23), സഹോദരൻ ജിലോ ഫ്രാൻസിസ് (25) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 14ന് മദ്യപിച്ച് വാഹനം ഓടിച്ചതിന് ജിജോ ഫ്രാൻസിസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ജീപ്പിലിരുത്തി മഹസർ തയാറാക്കുന്നതിനിടെ സഹോദരൻ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം സംഘർഷാവസ്ഥ സൃഷ്ടിക്കുകയും പൊലീസിൽ നിന്ന് താക്കോൽ പിടിച്ചുവാങ്ങിയ ശേഷം കസ്റ്റഡിയിലെടുത്ത ബൈക്കിൽ ജിജോയേയും കയറ്റി ഓടിച്ചുപോവുകയുമായിരുന്നു. ബൈക്ക് കസ്റ്റഡിയിലെടുക്കുന്നതിനായി തയ്യാറാക്കിയ മഹസർ ജോർജ് വലിച്ചു കീറുകയും ചെയ്തിരുന്നു. തുടർന്ന് ഇയാളുടെ പേരിൽ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കേസെടുത്തു. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് പ്രതികൾ ഒളിവിൽ പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരും പിടിയിലായത്. ജോർജിനെ റിമാൻഡ് ചെയ്തു.