psc

തിരുവനന്തപുരം: പി.എസ്.സി ചെയർമാന്റെ ഔദ്യോഗിക യാത്രകളിൽ,​ ഒപ്പം പോകുന്ന ഭാര്യയുടെ യാത്രാച്ചെലവ് കൂടി സർക്കാർ വഹിക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി സർക്കാരിന് അയച്ച കത്ത് വിവാദത്തിൽ.പി.എസ്.സി സെക്രട്ടറി സാജു ജോർജ് ഇക്കഴിഞ്ഞ എട്ടിന് നൽകിയ കത്തിന്മേൽ പൊതുഭരണ വകുപ്പ് തീരുമാനമെടുത്തിട്ടില്ല. ഇന്നലെ രാവിലെ പുറത്ത് വന്ന കത്ത് വിവാദമായെങ്കിലും ചെയർമാൻ എം.കെ. സക്കീർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മറ്റു സംസ്ഥാനങ്ങളിൽ ഇത്തരമൊരു കീഴ്‌വഴക്കം നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.

ഔദ്യോഗിക യാത്രകളിൽ ചെയർമാനൊപ്പം ഭാര്യയ്ക്ക് കൂടി ക്ഷണം ലഭിക്കാറുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ പി.എസ്.സി ചെയർമാനെ അനുഗമിക്കുന്ന ജീവിത പങ്കാളിയുടെ യാത്രാ ചെലവും അതത് സർക്കാരുകളാണ് വഹിക്കുന്നത്. എന്നാൽ കേരളത്തിൽ ഇത് സംബന്ധിച്ച് ഉത്തരവുകളൊന്നും ഇറക്കിയിട്ടില്ല. ഇക്കാരണത്താൽ ഓരോ തവണയും പ്രത്യേക അനുമതിയോടെ ഭാര്യയുടെ യാത്രാ ചെലവ് സർക്കാർ അനുവദിക്കാറാണ് പതിവ്. ഇതിന് പകരം ചെയർമാൻ സംസ്ഥാനത്തിനകത്തും പുറത്തും നടത്തുന്ന ഔദ്യോഗിക യാത്രകളിൽ ഭാര്യയുടെ കൂടി ചെലവ് സർക്കാർ വഹിക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് കത്തിലെ ആവശ്യം. നിലവിൽ ഹൈക്കോടതി ജഡ്ജിമാർ, ചീഫ് ജസ്റ്റിസ്, ഗവർണർ, മുഖ്യമന്ത്രി എന്നിവരുടെ ജീവിത പങ്കാളിയുടെ യാത്രാച്ചെലവ് വഹിക്കുന്നത് സംബന്ധിച്ച് മാത്രമാണ് സർക്കാർ ഉത്തരവുളളത്. ഇത് ആദ്യമായാണ് പി.എസ്.സിയിൽ നിന്ന് ഇത്തരമൊരാവശ്യം സംസ്ഥാന സർക്കാരിനു മുന്നിലെത്തുന്നത്. കത്തിന്മേൽ സംസ്ഥാന സർക്കാർ വൈകാതെ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.

ഒന്നരലക്ഷത്തിലധികം ശമ്പളം

നിലവിൽ ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോൾ അലവൻസും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും ഐ.എ.എസ് ജീവനക്കാരുടേതിനു തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡി.എയും പി.എസ്.സി ചെയർമാന് അനുവദിക്കുന്നുണ്ട്. പി.എസ്‌.സി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് മുൻകൂർ അനുമതി ആവശ്യമില്ലാത്ത കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നാണ് തുക അനുവദിക്കുന്നത്. സ്വയംഭരണ സ്ഥാപനമായതുകൊണ്ടാണ് പ്രത്യേക ഫണ്ടിൽ നിന്നു തുക അനുവദിക്കുന്നത്.