ഈ സീസൺ ഐ.പി.എൽ തുടങ്ങുന്നതിന് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കൊഹ്‌ലി പറഞ്ഞിരുന്നത്, ലോകകപ്പിനുള്ള ഇന്ത്യൻ ടീമംഗങ്ങൾ ഐ.പി.എല്ലിലെ എല്ലാ മത്സരവും കളിക്കില്ലെന്നും ലോക കപ്പിനായി ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുമെന്നാണ്. എന്നാൽ ഐ.പി.എൽ പൂരത്തിന് കൊടിയിറങ്ങുമ്പോൾ ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുള്ള മിക്കവരും ഐ.പി.എല്ലിൽ ഭൂരിപക്ഷം മത്സരങ്ങളിലും തങ്ങളുടെ ക്ളബിനായി കളിക്കാനിറങ്ങി. ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാനായി വർക്ക് ലോഡ് ക്രിയാത്മകമായി മാനേജ് ചെയ്യുമെന്ന കൊഹ്‌ലിയുടെ വാക്കുകൾ അന്ന് ബി.സി.സി.ഐ ഉന്നതരും ശരിവച്ചിരുന്നു.
ലോകകപ്പിനുള്ള പ്രധാന ഇന്ത്യൻ താരങ്ങളും അവർ കളിച്ച മത്സരങ്ങളുടെ എണ്ണവും ഇങ്ങനെ.
പരിക്കിന്റെ പിടിയിലുണ്ടായിരുന്ന പേസർ ജസ്‌പ്രീത് ബുംറ, ആൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. എന്നാൽ ഫൈനലിലുൾപ്പെടെ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചത് ബുംറയും പാണ്ഡ്യയുമാണ്.
16
നാലുപേരാണ് 16 മത്സരങ്ങൾ കളിച്ചിരിക്കുന്നത്. ശിഖർ ധവാനും രവീന്ദ്ര ജഡേജയും പ്ളേഒഫ് വരെയെത്തി. 16 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ പാണ്ഡ്യയും ബുംറയും ഫൈനലിലൂടെ ഈ എണ്ണം തികച്ചു.
15
മഹേന്ദ്രസിംഗ് ധോണി കളിച്ച മത്സരങ്ങൾ. രണ്ട് മത്സരങ്ങളിൽ നിന്നുമാത്രമാണ് പരിക്കുമൂലം ധോണി വിട്ടുനിന്നത്. വിജയ് ശങ്കറും ഭുവനേശ്വർ കുമാറും ഇത്രയും മത്സരങ്ങൾക്കിറങ്ങി.
14
വിരാട് കൊഹ്‌ലി, രോഹിത് ശർമ്മ, കെ.എൽ. രാഹുൽ, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചഹൽ, ദിനേഷ് കാർത്തിക്, കേദാർ യാദവ് എന്നിവർ കളിച്ച മത്സരങ്ങളുടെ എണ്ണം.
9
പത്ത് മത്സരങ്ങളിൽ താഴെ കളിച്ചത് സ്പിന്നർ കുൽദീപ് യാദവ് മാത്രം. ഒൻപത് മത്സരങ്ങൾ കഴിഞ്ഞപ്പോൾ മോശം ഫോം കാരണം കൊൽക്കത്ത കുൽദീപിനെ മാറ്റിനിറുത്തുകയായിരുന്നു.
ഐ.പി.എൽ പോലൊരു ലീഗിൽ ക്ളബ് ഉടമകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കളിക്കാർക്ക് മിക്ക മത്സരങ്ങളിലും ഇറങ്ങേണ്ടിവരുന്നത്. ടീമുകളുടെ സമ്മർദ്ദത്താൽ ലോകകപ്പിനുള്ള താരങ്ങൾക്ക് വേണ്ട വിശ്രമം നൽകണമെന്ന കൊഹ്‌ലിയുടെയും ബി.സി.സി.ഐയുടെയും ആഗ്രഹം നടപ്പിലായില്ലെന്ന് വേണം മനസിലാക്കാൻ.
ഐ.പി.എല്ലിനുമുമ്പ് വർക്ക് ലോഡ് മാനേജ്മെന്റിനെക്കുറിച്ചും വിശ്രമം നൽകുന്നതിനെക്കുറിച്ചും. ചർച്ച നടന്നിരുന്നു. പക്ഷേ ലോകകപ്പിന് മുമ്പ് പരമാവധി മത്സരങ്ങൾ കളിച്ച് താളം നിലനിറുത്തുകയെന്നതാണ് ശരിയെന്നാണ് എനിക്ക് തോന്നുന്നത്.
രോഹിത് ശർമ്മ.