ആറ്റിങ്ങൽ : നെൽവയൽ നീർത്തട സംരക്ഷണ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി നഗരൂരിലും പ്രാന്ത പ്രദേശങ്ങളിലും വയൽ നികത്തൽ വ്യാപകമാകുന്നു. സമീപകാലത്ത് വളരെ വ്യാപകമായി നെൽക്കൃഷി ചെയ്തിരുന്ന പാടശേഖരങ്ങളാണ് മണ്ണിട്ട് നികത്തുന്നത്. നികത്തുന്നതിന് വളരെ മുമ്പേ വയലുകൾ പണകോരി മരച്ചീനി വാഴ എന്നിവ കൃഷിചെയ്യും. പിന്നീട് ഇവിടെ തെങ്ങ്, കവുങ്ങ് തുടങ്ങിയവ നടുന്നതാണ് രീതി. അക്കേഷ്യ വരെ നട്ട നെൽവയലുകൾ പ്രദേശത്തുണ്ട്. ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് തിരക്കിൽ വ്യാപൃതരായ അവസരം മുതലെടുത്താണ് വ്യാപകമായി നെൽവയലുകൾ നികത്തിയത്. പാതിരാത്രിയാണ് മണ്ണ് എത്തിച്ച് നിലം നികത്തുന്നത്. നഗരൂർ,വഞ്ചിയൂർ,കരവാരം എന്നിവിടങ്ങളിൽ വ്യാപകമായി നികത്തൽ നടന്നു.

ഫലം കൃഷി നാശം

തരിശിട്ട വയലുകൾ മണ്ണിട്ട് നികത്തുന്നതോടെ തൊട്ടടുത്ത വയലുകളിൽ നീരൊഴുക്ക് കുറയുകയും വയലിന്റെ തനത് സ്വഭാവം നഷ്ടപ്പെടുകയും ചെയ്യുന്നു. തന്മൂലം കൃഷിയിറക്കാൻ പറ്റാതാകുന്നു. ഇതിനെ അവഗണിച്ച് കൃഷി ചെയ്താൽ നഷ്ടമാണ് ഫലമെന്ന് കർഷകർ

പറയുന്നു.

അടവുകൾ പലത്

വയൽ നികത്തുന്നതിന് മുമ്പായി വയലുകളുടെ ഘടന മാറ്റി കൃഷിയിറക്കുന്നു. പണകോരി വാഴ, മരച്ചീനി, പച്ചക്കറികൾ തുടങ്ങിയ കൃഷി ചെയ്യുന്നു. ഒപ്പം പാഴ്‌മരങ്ങളും നടുന്നു. പാ‌ഴ്‌മരങ്ങൾ വളർന്നു വലുതാകുന്നതിനൊപ്പം കൃഷി നിറുത്തുന്നു. തുടർന്ന് സമയവും സന്ദർഭവും നോക്കി നിലം നികത്തുന്നു.

നിയമം ഇങ്ങനെ

കേരളത്തിലെ നെൽവയലുകളും നീർത്തടങ്ങളും

അനിയന്ത്രിതമായ നികത്തലുകളിൽ നിന്നും രൂപാന്തരപ്പെടുത്തലുകളിൽ നിന്നും സംരക്ഷിക്കാനായി നടപ്പാക്കിയ നിയമമാണ് 2008ലെ കേരള നെൽവയലും നീർത്തടവും സംരക്ഷണ നിയമം.

കേരളത്തിലെ കാർഷിക മേഖലയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുക, പാരിസ്ഥിതിക സംതുലനാവസ്ഥ നിലനിർത്തുക എന്നിവയാണ് ഈ നിയമം ഉദ്ദേശ്യം.

ഈ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായല്ലാതെ കേരളത്തിൽ നെൽവയലുകൾ നികത്തുന്നതോ, രൂപാന്തരപ്പെടുത്തുന്നതോ നിരോധിച്ചിരിക്കുന്നു (വകുപ്പ് 6).

നെൽവയലിന്റെ പാരിസ്ഥിതിക സ്വഭാവത്തിന് മാറ്റം വരുത്താത്ത രീതിയിൽ ഇടവിളകൾ കൃഷി ചെയ്യുന്നതിനോ, വയൽ സംരക്ഷണത്തിനായുള്ള പുറംബണ്ടുകൾ നിർമ്മിക്കുന്നതിനോ നിരോധനം തടസമാകുന്നില്ല.

ഈ നിയമം നിലവിൽ വന്നതുമുതൽ കേരളത്തിലെ നീർത്തടങ്ങൾ എങ്ങനെയാണോ നിലനിൽക്കുന്നത് അപ്രകാരം സംരക്ഷിക്കപ്പെടേണ്ടതും അവ നികത്തുന്നതും അവയിൽ നിന്നും മണൽ വാരുന്നതും സമ്പൂർണമായി നിരോധിച്ചിരിക്കുന്നു (വകുപ്പ് 11).

എന്നാൽ നീർത്തടങ്ങളുടെ സംരക്ഷണാർത്ഥം അവയിൽ നിന്നും എക്കലും ചെളിയും നീക്കം ചെയ്യുന്നതിന് ഈ വകുപ്പിലെ നിരോധനം തടസ്സമാകുന്നില്ല.