വിഴിഞ്ഞം: കല്ലുവെട്ടാൻ കുഴിയിൽ വാഹന പരിശോധനയ്ക്കിടെ ഗ്രേഡ് എസ്.ഐയെ ബൈക്ക് ഇടിച്ചു തെറിപ്പിച്ച കേസിൽ പൊലീസ് പിടിയിലായ കട്ടച്ചൽക്കുഴി പുത്തൻകാനം വിഷ്ണു ഭവനിൽ വിഷ്ണുവിനെ (21) റിമാൻഡ് ചെയ്തു. ബൈക്കുമായി രക്ഷപ്പെട്ട മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുന്നതായി വിഴിഞ്ഞം എസ്.ഐ തൃദീപ് ചന്ദ്രൻ പറഞ്ഞു. ശനിയാഴ്ച രാത്രി ഉണ്ടായ സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വിജയൻ (53) ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നു പേർ സഞ്ചരിച്ച ബൈക്കിൽനിന്ന് ഒരാളെ മാത്രമേ പിടികൂടാനായുള്ളൂ. മറ്റൊരു പ്രതി കാരയ്ക്കാമണ്ഡപം സ്വദേശി അനന്തു (22) ആണെന്ന് തിരിച്ചറിഞ്ഞതായും ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.