sivagiri

ശിവഗിരി: ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണ സഭയുടെ 37-ാമത് വാർഷിക സമ്മേളനം സ്വാമി പ്രകാശാനന്ദ ശിവഗിരിയിൽ ഉദ്ഘാടനം ചെയ്‌തു. സ്വാമി ഋതംഭരാനന്ദ അദ്ധ്യക്ഷത വഹിച്ചു. പാർലമെന്റ് മന്ദിരഹാളിൽ ശ്രീനാരായണ ഗുരുദേവന്റെ ഛായാചിത്രം സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര- കേരള സർവകലാശാലകളിൽ ഗുരുദേവ കൃതികളുടെ പഠന ഗവേഷണങ്ങൾക്ക് സ്ഥിരം സംവിധാനമുണ്ടാക്കുക, തിരൂർ - കാലടി സർവകലാശാലകളിലെ ബിരുദ ബിരുദാനന്തര കോഴ്സുകളിലെ സമർത്ഥരായ വിദ്യാർത്ഥികൾക്ക് ഗുരുദേവന്റെ പേരിൽ സ്കോളർഷിപ്പ് ഏർപ്പെടുത്തുക, ഗുരുദേവകൃതികൾ വിവിധ ഭാരതീയ ഭാഷകളിൽ മൊഴിമാറ്റുക, കേന്ദ്ര സാഹിത്യ അക്കാഡമിയുടെ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും സമ്മേളനം പ്രത്യേക പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു. സ്വാമി പരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് വാർഷിക റിപ്പോർട്ടും കണക്കും 2019 - 20 വർഷത്തിലെ ബഡ്‌ജറ്റും അവതരിപ്പിച്ചു. കുറിച്ചി സദൻ പ്രമേയവും ഇ.എം. സോമനാഥൻ തുടർപ്രവർത്തന രേഖയും അവതരിപ്പിച്ചു. യു.എ.ഇ പ്രതിനിധി അനിൽ തടാലിൽ, സഭ കർണാടക സംസ്ഥാന കൺവീനർ അഡ്വ. തങ്കപ്പൻ, കെ.എസ്. ജയിൻ, അജിത് കുമാർ, ജയധരൻ, കുഞ്ഞമ്മ എന്നിവർ സംസാരിച്ചു. സ്വാമി ഗുരുപ്രസാദ് സ്വാഗതവും രജിസ്ട്രാർ വി.ടി. രാജേന്ദ്രൻ നന്ദിയും പറഞ്ഞു. കേരളം, കർണാടക, യു.എ.ഇ, യു.എസ്.എ, യു.കെ, ഡൽഹി എന്നിവിടങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പ്രതിനിധികൾ പങ്കെടുത്തു.