cricket-news
cricket news

സതാംപ്ടൺ : വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ട്‌ലറുടെ തകർപ്പൻ സെഞ്ച്വറിയുടെ (110 നോട്ടൗട്ട്) പിൻബലത്തിൽ ഇംഗ്ളണ്ട് രണ്ടാം ഏകദിനത്തിൽ 12 റൺസിന് പാകിസ്ഥാനെ കീഴടക്കി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് നിശ്ചിത 50 ഓവറിൽ 373/3 എന്ന സ്കോർ ഉയർത്തിയപ്പോൾ പാകിസ്ഥാൻ ഇന്നിംഗ്സ് 361/7 ൽ അവസാനിച്ചു. ജാസൺ റോയ് (87), ബെയർ സ്റ്റോ (51), ജോറൂട്ട് (40), ക്യാപ്ടൻ ഇയോൻ മോർഗൻ (71) നോട്ടൗട്ട് എന്നിവരും മികച്ചപ്രകടനം കാഴ്ചവച്ചു. 55 പന്തുകളിൽ ആറ് ഫോറും 9 സിക്സുമടക്കമാണ് ബട്ട്ലർ 110 റൺസടിച്ചത്. അടുത്തിടെ പിറന്ന കുഞ്ഞിനാണ് ബട്ട്ലർ തന്റെ സെഞ്ച്വറി സമർപ്പിച്ചത്. പാകിസ്ഥാൻ നിരയിൽ ഫഖർ സമാൻ (138), ബാബർ അസം (51), ആസിഫ് അലി (51), സർഫ്രാസ് (41) എന്നിവർ പൊരുതിയെങ്കിലും ഫലമുണ്ടായില്ല.

ഈ വിജയത്തോടെ ഇംഗ്ളണ്ട് അഞ്ച് മത്സരപരമ്പരയിൽ 1-0 ത്തിന് മുന്നിലെത്തി. ആദ്യമത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

വിൻഡീസിന് റെക്കാഡ്

ഡബ്ളിൻ : അയർലൻഡിൽ നടക്കുന്ന ത്രിരാഷ്ട്ര ടിക്കറ്റ് ടൂർണമെന്റിൽ വെസ്റ്റ് ഇൻഡീസ് അഞ്ചുവിക്കറ്റിന് അയർലൻഡിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് ഉയർത്തിയ 327/5 എന്ന സ്കോർ 47.5 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് മറികടന്നു. വിൻഡീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചേസിംഗ് വിജയമാണിത്. വിൻഡീസിനായി സുനിൽ ആംബ്രിസ് 148 റൺസടിച്ചു.