photo

നെടുമങ്ങാട് : മഴക്കാല പൂർവ ശുചീകരണം തകൃതിയായി മുന്നേറുമ്പോഴും പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപത്തിന് അറുതിയില്ല. ശുചീകരണം നടത്തുന്നവർ തന്നെ മാലിന്യം ആളൊഴിഞ്ഞ പ്രദേശങ്ങളിൽ തള്ളുന്നതും രാത്രിയുടെ മറവിൽ വാഹനങ്ങളിൽ എത്തി മാലിന്യം വലിച്ചെറിയുന്നതും വീടുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും കക്കൂസ് മാലിന്യം ഓടകളിൽ ഒഴുക്കുന്നതുമാണ് പൊതുശുചീകരണത്തിന് വെല്ലുവിളി ഉയർത്തുന്നത്. കരകുളത്ത് പൊതുസ്ഥലത്ത് വീട്ടുമാലിന്യം തള്ളാനെത്തിയ വാഹനത്തെയും ഡ്രൈവറെയും കഴിഞ്ഞദിവസം നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചിരുന്നു. മുല്ലശ്ശേരി തോപ്പിൽ ഭാഗത്ത് പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യം തള്ളാനായിരുന്നു ശ്രമം. കാറിലെത്തിയ ആൾ പ്ലാസ്റ്റിക് കവറുകൾ പുറത്തെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ നെടുമങ്ങാട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. അഴിക്കോട്ടും വാളിക്കോട്ടും സെപ്ടിക് മാലിന്യം കിള്ളിയാറ്റിലൊഴുക്കാൻ റോഡ് മുറിച്ച് പൈപ്പ് സ്ഥാപിക്കുന്നത് വരെയെത്തി കാര്യങ്ങൾ. ഈ ഭാഗത്തെ ചില സ്വകാര്യ സ്ഥാപനങ്ങൾക്ക് നഗരസഭയും കരകുളം ഗ്രാമപഞ്ചായത്തും നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നെങ്കിലും മാലിന്യമൊഴുക്കിൽ നിന്ന് പിന്മാറിയിട്ടില്ല. നഗരസഭയുടെ മാതൃകാ പൊതുശ്മശാനം''ശാന്തിതീരം'' സ്ഥിതിചെയ്യുന്ന കിള്ളിയാറിന്റെ കരയിലെ കല്ലമ്പാറയിലും പൊന്മുടി സംസ്ഥാന ഹൈവേയിലെ ചുള്ളിമാനൂർ ടോൾ ജംഗ്‌ഷൻ, മന്നൂർക്കോണം, ആർച്ച് ജംഗ്‌ഷൻ, ചെങ്കോട്ട ഹൈവേയിലെ മഞ്ഞക്കോട്ടുമൂല, കുറുപുഴ, പാലോട് ജംഗ്‌ഷൻ എന്നിവിടങ്ങളിലും അനധികൃത മാലിന്യ നിക്ഷേപം തകൃതിയായി മുന്നേറുന്നുണ്ട്. മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ നഗരസഭ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുള്ള കല്ലമ്പാറയിൽ കാമറ പോസ്റ്റിനു ചുവട്ടിലും പരിസരത്തെ വീടിനു മുന്നിലുമായി ചാക്കുകളിൽ നിറച്ച മാലിന്യം നിക്ഷേപിച്ചത് ഇന്നലെയാണ്. സമീപത്തെ താമസക്കാരുടെ പരാതിയെ തുടർന്ന് മാലിന്യം ഇവിടെ നിന്ന് നീക്കം ചെയ്യാനുള്ള തയാറെടുപ്പിലാണ് നഗരസഭാധികൃതർ. മന്നൂർക്കോണത്ത് റോഡ് വക്കിൽ തള്ളിയ അറവുശാല മാലിന്യം ചീഞ്ഞഴുകി ദുർഗന്ധം പരത്തുകയാണ്.

 ശുചീകരണ ദൗത്യം പലയിടത്തും വഴിപാട് !

ശുചീകരണ ദൗത്യം പലയിടത്തും വഴിപാടുപോലെയാണെന്നാണ് പരാതി. ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, പൊതുപ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരെ അണിനിരത്തി അരങ്ങേറുന്ന ശുചീകരണ പ്രവർത്തനങ്ങൾ വാർത്തകളിൽ ഇടം പിടിക്കാനുള്ള ശ്രമമായി ഒതുങ്ങുന്നുവെന്നാണ് ആക്ഷേപം. മാലിന്യ പ്രശ്നം രൂക്ഷമായ സ്ഥലങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളെ പറഞ്ഞു വിടുകയാണ് പതിവ്. എതിർപ്പ് ഉയർന്നാൽ മാലിന്യ നീക്കം ഉപേക്ഷിച്ച് അവർ മടങ്ങും.

പ്രതികരണം
--------------------

''മഴക്കാല പൂർവ ശുചീകരണം വെറും പ്രഹസനമാണ്. തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ അനുവദിച്ച തുക ചെലവഴിക്കൽ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ശുചീകരണത്തിന് നേതൃത്വം നൽകുന്നവർ തന്നെ രാത്രി അവ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്ന ദുരവസ്ഥയാണുള്ളത്. ഇതിനെതിരെ ജനകീയ പ്രതിരോധം ഉണരണം

-- വി. ശ്രീകുമാർ (പൊതു പ്രവർത്തകൻ)

മാലിന്യം നിറയുന്ന കേന്ദ്രങ്ങൾ

----------------------------------------------

ഏണിക്കര, അഴിക്കോട്

 കല്ലമ്പാറ മന്നൂർക്കോണം ആർച്ച് ജംഗ്‌ഷൻ

 ചുള്ളിമാനൂർ ടോൾ ജംഗ്‌ഷൻ മഞ്ഞക്കോട്ടുമൂല

കുറുപുഴ പാലോട് ജംഗ്‌ഷൻ

മഴക്കാലപൂർവ ശുചീകരണം വഴിപാടായെന്നും പരാതി

ശുചീകരണത്തിന് അനുവദിച്ച തുക (വാർഡ് ഒന്നിന്) 25,000