crime

തിരുവനന്തപുരം:മുൻ ആരോഗ്യമന്ത്രിയുടെ മുൻ പേഴ്സണൽ സെക്രട്ടറി വാസുദേവൻ നായരുടെ മകൾ ഇന്ദുജ നായരെ കാണാനില്ലെന്ന പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു. വാസുദേവൻ നായരാണ് പരാതി നൽകിയത്. അതേ സമയം ആധാർ സേവനകേന്ദ്രങ്ങളിൽ ജോലിവാഗ്ദാനം ചെയ്ത് ഇന്ദുജ നായർ ലക്ഷങ്ങൾ വാങ്ങി തട്ടിപ്പ് നടത്തിയതായി ആരോപിച്ച് ആറ് പേർ മ്യൂസിയം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതും പൊലീസ് രജിസ്റ്റർ ചെയ്തു.

പൊലീസ് പറയുന്നത്:

സംസ്ഥാനത്തൊട്ടാകെ ആരംഭിക്കുന്ന ആധാർ സേവന കേന്ദ്രങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷത്തോളം രൂപ ഇന്ദുജ നായർ തട്ടിയെടുത്തെന്നാണ് പരാതി. പട്ടം - മരപ്പാലം റോഡിലെ ഇറ ടവേഴ്സിലെ ഒാഫീസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. ആദ്യ മൂന്ന് മാസങ്ങളിൽ ശമ്പളമില്ലെന്നും തുടർന്നുള്ള മാസങ്ങളിൽ 30,000 രൂപ മുതൽ 50,​000 രൂപ വരെ ശമ്പളം നൽകാമെന്നുമായിരുന്നു വാഗ്ദാനം. നിയമനത്തിനായി രണ്ട് മുതൽ മൂന്ന് ലക്ഷം വരെ ഒാരോ ഉദ്യോഗാർത്ഥിയിൽ നിന്നും വാങ്ങി. ഓൺലൈൻ പരീക്ഷ എഴുതിയവർക്ക് വ്യാജ നിയമന കത്തും കൈമാറി. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിട്ടിയുടെ വ്യാജ ലെറ്റർ പാഡിലാണ് നിയമന ഉത്തരവ് നൽകിയത്. നിയമനം ലഭിക്കാതെ വന്നതിനെ തുടർന്ന് ഉദ്യോഗാർത്ഥികൾ പണം തിരിച്ചു ചോദിച്ചതോടെ ഓഫീസ് പൂട്ടിയിട്ടിരിക്കുകയാണ്. പിന്നീട് ഇന്ദുജ നായരെ കുറിച്ച് വിവരമൊന്നുമില്ല.