sathyan-mla-parishodhikku

കല്ലമ്പലം: വഞ്ചിയൂർ പട്ട്‌ളയിൽ വർഷങ്ങളായി നാട്ടുകാരെ ദുരിതത്തിലാക്കിയിരുന്ന മാലിന്യ നിക്ഷേപകേന്ദ്രത്തിന് കരവാരം പഞ്ചായത്തിന്റെ ഇടപെടലിനെ തുടർന്ന് പൂട്ടുവീണു. മുരളിയെന്നയാളിന്റെ അരയേക്കറിലധികം വരുന്ന പുരയിടത്തിൽ പ്രവർത്തിച്ചിരുന്ന കോഴി അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്ന കേന്ദ്രമാണ് പൂർണമായും ഇടിച്ചുനിരത്തിയത്. വർഷങ്ങൾക്ക് മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്ന പന്നിഫാം നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് നിറുത്തിയതിനെ തുടർന്നാണ് മുരളിയും കുടുംബവും പൗൾട്രിഫാം ആരംഭിച്ചത്. ആദ്യം ചെറിയരീതിയിൽ ടാങ്ക് നിർമ്മിച്ച് മാലിന്യം നിക്ഷേപിച്ചിരുന്നെങ്കിലും, ക്രമേണ പത്തിലധികം വൻ ടാങ്കുകൾ പുരയിടത്തിന്റെ പലഭാഗത്തായി നിർമ്മിച്ച് രാത്രിയിൽ പല കേന്ദ്രങ്ങളിൽ നിന്നും വാഹനങ്ങളിൽ കോഴിമാംസത്തിന്റെ അവശിഷ്ടമെത്തിച്ച് ടാങ്കിൽ നിക്ഷേപിച്ച് വരികയായിരുന്നു. വീട്ടുടമ അടുത്തകാലത്ത് മരിച്ചതോടെ രാത്രിയിൽ മാലിന്യം നിക്ഷേപിക്കാൻ കൊണ്ടുവന്നിരുന്നത് നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. എന്നാൽ വർഷങ്ങളോളം മാലിന്യം നിക്ഷേപിച്ചതിനാലും ടാങ്കുകളുടെ കാലപ്പഴക്കത്താൽ ലീക്ക് വർദ്ധിച്ചതിനാലും പ്രദേശമാകെ ദുർഗന്ധപൂരിതമായി. നാട്ടുകാർക്കൊപ്പം മുരളിയുടെ ഭാര്യയും മക്കളും ഈ ദുരിതം അനുഭവിക്കുന്നതിനിടെയാണ് സർക്കാരിന്റെ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കരവാരം പഞ്ചായത്ത് പ്രസി‍ഡന്റ് ഐ.എസ്. ദീപ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുഭാഷ്, പഞ്ചായത്ത് വൈസ് പ്രസി‍ഡന്റ് എസ്. സുരേഷ് കുമാർ, പഞ്ചായത്തംഗങ്ങളായ ജൂബിലി വിനോദ്, പി. കൊച്ചനിയൻ, പഞ്ചായത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, പൊലീസ് സംഘം തുടങ്ങിയവർ സ്ഥലത്തെത്തി പ്രദേശം ശുചിയാക്കാനുള്ള നടപടികൾ സ്വീകരിച്ചത്. മാലിന്യം നിക്ഷേപിച്ച ടാങ്കുകൾ മുഴുവൻ നശിപ്പിച്ച് ഇവ മണ്ണിൽ ചേർക്കുന്ന നടപടികളാണ് നടന്നത്. കഴിഞ്ഞദിവസം ബി. സത്യൻ എം.എൽ.എ സ്ഥലം സന്ദർശിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജില്ലാ ഭരണകൂടത്തിന്റെയും പ്രത്യേക ആരോഗ്യവിഭാഗം ടീം, നാട്ടുകാർ, സന്നദ്ധസേവകർ എന്നിവരുടെ സേവനം കൂടി ലഭ്യമായാൽ മാത്രമേ പ്രദേശത്തെ ദുരിതത്തിന് പൂർണമായ അറുതി വരുത്താനാകൂ.