crime

വിഴിഞ്ഞം: അർദ്ധരാത്രിയിൽ തമിഴ്നാട് സ്വദേശികളുടെ വാഹനം തടഞ്ഞു നിറുത്തി ആക്രമിച്ച് സ്വർണാഭരണം തട്ടിയെടുത്തു. തിരുവല്ലം വണ്ടിത്തടം പെട്രോൾ പമ്പിനു സമീപം ശനിയാഴ്ചയായിരുന്നു സംഭവം. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനു സമീപം തീപൊള്ളാവ് വീട്ടിൽ ഉഷയെ (42) തിരുവല്ലം പൊലീസ് അറസ്റ്റു ചെയ്തു. ഇവർ പാലപ്പൂര് വാടകയ്ക്ക് താമസിക്കുകയാണ്.

ഇവരെ കൂടാതെ മറ്റൊരാളെയും ഒരു ആട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. തലസ്ഥാനത്തെ ജോലി കഴിഞ്ഞ് കാറിൽ തിരികെ പോവുകയായിരുന്ന മാർത്താണ്ഡം തൃപ്പരപ്പ് സ്വദേശികളായ അഭിഷേക്, അനീഷ് കുമാർ എന്നീ യുവാക്കളെ ആട്ടോറിക്ഷയിലും ബൈക്കിലുമായി എത്തിയവർ ചേർന്ന് തടഞ്ഞു നിറുത്തി ആക്രമിച്ച് കഴുത്തിൽ കിടന്ന രണ്ടേകാൽ പവൻ സ്വർണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോണും തട്ടിയെടുത്തു. പൊലീസിന് ലഭിച്ച വിവരമനുസരിച്ച് കാലടി ഭാഗത്തുനിന്ന് ആട്ടോറിക്ഷ പിടികൂടി. ഇതിലുണ്ടായിരുന്ന രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണ്. ബൈക്ക് യാത്രക്കാർക്കായി അന്വേഷണം ഊർജിതമാക്കി.
സ്ത്രീയെ കൂടാതെ കസ്റ്റഡിയിലായ ആളിനെക്കുറിച്ച് പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സ്ത്രീയെ മുന്നിൽ നിറുത്തി മോഷണവും പിടിച്ചുപറിയും നടത്തുന്ന സംഘമാണിതെന്ന് സംശയിക്കുന്നതായും കൂടുതൽ ചോദ്യം ചെയ്താലേ വിശദവിവരങ്ങൾ അറിയാനാകൂ എന്നും തിരുവല്ലം പൊലീസ് പറഞ്ഞു.