my-dear

തിരുവനന്തപുരം: എവിടെ നോക്കിയാലും സന്തോഷിക്കുന്ന മുഖകൾ. സിനിമ ഇത്ര ഉത്തരവാദിത്വത്തോടെ കാണുന്ന കുട്ടികൾ ഈ സമൂഹത്തിലുണ്ടായിരുന്നോ എന്നു തോന്നിപ്പോകും ബാലചലച്ചിത്ര മേളയിലെത്തിയ കുട്ടികളുടെ തിരക്ക് കാണുമ്പോൾ. ഒരു സിനിമയുടെ പേര് അറിഞ്ഞ് വെറുതേ ചെന്ന് തിയേറ്ററുകളിലേക്ക് കയറുകയല്ല, ഓരോ സിനിമയും വ്യക്തമായി മനസിലാക്കിയ ശേഷം തിയേറ്ററിലേക്ക് പോകുകയാണ് കുട്ടികളിലധികവും ചെയ്യുന്നത്. ലോക മാതൃദിനമായ ഇന്നലെ കുട്ടികൾ അധികവും തിരഞ്ഞെടുത്ത് ' മദർ ഐ ലവ് യു' എന്ന ചിത്രമാണ്. ഇന്റർനാഷണൽ ഫിലിം വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ ചിത്രം അമ്മയുടെ വാത്സല്യം മകന് എത്രത്തോളം വിലപ്പെട്ടതാണ് എന്ന് തെളിയിക്കുന്നതാണ്. റെയ്‌മണ്ട് എന്ന 12 കാരനിലൂടെയാണ് ജാനിസ് നോട്സ് സംവിധാനം ചെയ്ർത ലാത്‌വാനിയ ചിത്രം പുരോഗമിക്കുന്നത്. മലയാളം വിഭാഗത്തിൽ കുട്ടികൾ ഇടിച്ചു കയറി കണ്ടത് ' മൈഡിയർ കുട്ടിച്ചാത്തൻ' ആയിരുന്നു.

കുന്തവും തീപ്പന്തവും തങ്ങൾക്ക് നേരെ പാഞ്ഞെത്തിയപ്പോൾ പേടിച്ചു. കുട്ടിച്ചാത്തൻ ഐസ്‌ക്രീം നീട്ടിയപ്പോൾ നുണയാൻ നാവ് നീട്ടിയുമൊക്കെ ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രം കുട്ടികൾ ആസ്വദിച്ചു. ആദിവാസി ഊരുകളിൽ നിന്നും കൂടുതലായി കുട്ടികൾ മേളയ്ക്കു എത്തുകയാണ്. മലപ്പുറത്ത് നിന്ന് 52ഉം കണ്ണൂരിൽ നിന്ന് 25ഉം തൃശൂരിൽ നിന്ന് 50ഉം കാസർകോട് നിന്ന് 46ഉം കൊല്ലത്ത് നിന്ന് 55 ഉം ആദിവാസികുട്ടികളാണ് അദ്ധ്യാപകർക്കൊപ്പം ചലച്ചിത്രമേളയ്‌ക്കെത്തിയത്. ഇവർക്കുള്ള താമസവും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ശിശുക്ഷേമസമിതി ഒരുക്കിയിരുന്നു. അതത് ജില്ലാ ശിശുക്ഷേമസമിതികളുടെ നേതൃത്വത്തിലാണ് ഈ കുട്ടികളെ തലസ്ഥാനത്തെത്തിച്ചത്. മൂന്ന് ദിവസം ഇവർ ചലച്ചിത്രമേളയുടെ ഭാഗമാകും. അതിന്‌ശേഷം മറ്റ് ജില്ലകളിൽ നിന്നുള്ള കുട്ടികളെത്തും.