തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ പരിസരത്തും നഗരത്തിലെ വിവിധ പ്രദേശങ്ങളിലും മാലിന്യം നിക്ഷേപിക്കുന്ന സംഘത്തെ പേട്ട പൊലീസ് പിടികൂടി. നഗരത്തിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നുവെന്ന വ്യാജേനെ ആളൊഴിഞ്ഞ പ്രദേശങ്ങളിലും മറ്റും കോർപറേഷന്റ സ്‌ക്വാഡിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിച്ച് നിക്ഷേപിക്കുന്ന സംഘമാണ് അറസ്റ്റിലായത്. മേയർ നൽകിയ പരാതിയെ തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പാലമൂട്ടിൽ എന്ന പേരുള്ള പിക്ക് അപ്പ് വാനിൽ നിന്നാണ് മാലിന്യം നിക്ഷേപിച്ചതെന്ന് മനസിലായി. തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മലപ്പുറം സ്വദേശിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പിക്കപ്പ് വാൻ കണ്ടെത്തിയത്. ഈ വാഹനം അട്ടക്കുളങ്ങര ഷമീന മനസിലിൽ സഫീർ വാടകയ്ക്ക് എടുത്തതാണെന്ന് മനസിലായി. ശനിയാഴ്ച രാത്രി മാലിന്യം തള്ളാനെത്തിയപ്പോൾ വാഹനവും തൊഴിലാളികളായ സെയ്താലി, ബിഹാർ സ്വദേശികളായ പനൂജ് കുമാർ, ഗുൻഷൻ മപിതോ എന്നിവരെയും പേട്ട സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.ആർ.ബിജു, എസ്.ഐമാരായ നിസാർ, ജ്യോതി സുധാകർ, സി.പി.ഒ ശ്യാം എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.