തിരുവനന്തപുരം: സർവചരാചരങ്ങളുമുള്ള ലോകത്ത് എല്ലാവരെയും ഒരുമിപ്പിച്ച് നിറുത്തുന്നത് സ്‌നേഹമാണ്, അത് ഇല്ലാതാകുമ്പോൾ എല്ലാ ബന്ധങ്ങളും വേർപിരിയും. അതിനെ തേച്ചിട്ട് പോയെന്ന് പറയരുതേ, അത് ആ ബന്ധത്തെ മോശമായി ചിത്രീകരിക്കാൻ മാത്രേ ഉപകരിക്കൂ, അതുകൊണ്ട് കൊച്ചുകൂട്ടുകാർ ആ വാക്ക് ഉപയോഗിക്കരുതെന്ന് യുവനടി രജീഷാ വിജയൻ പറഞ്ഞു. കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മീറ്റ് ദ ആർട്ടിസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം.
സുപ്രീംകോടതി ജഡ്ജിയാകാനും ടീച്ചറാകാനും ഡോക്ടറാകാനും ആർമി ഓഫീസറാകാനും ആഗ്രഹിച്ച താൻ എം.ബി.ബി.എസിന് അഡ്മിഷൻ കിട്ടിയിട്ടും ജേർണലിസം പഠിക്കാൻ പോയി. പിന്നീട് സിനിമയിൽ അഭിനയിക്കാൻ ചാൻസ് കിട്ടിയപ്പോൾ മാതാപിതാക്കൾ അതിനും സമ്മതിച്ചു. അതിനാൽ അവരോടാണ് കടപ്പാടെന്നും രജീഷ പറഞ്ഞു. ഷൂട്ടിംഗിനിടെ സൈക്കിളിൽ നിന്ന് വീണ് കാലിന്റെ ലിഗമെന്റിന് പരിക്ക് പറ്റിയിട്ടും താരം കുട്ടികളെ കാണാനെത്തുകയായിരുന്നു.
സിനിമയിൽ പരകായപ്രവേശം നടത്താനൊന്നും സമയം കിട്ടാറില്ല, സംവിധായകൻ ഷോട്ടിൽ കരയാനും ചിരിക്കാനും പറയുമ്പോൾ അത് ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്ന് കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടിയായി നടൻ കൊച്ചുപ്രേമൻ പറഞ്ഞു. ചിലർ കഥാപാത്രത്തിന് വേണ്ടി മൂന്ന് വർഷം അലഞ്ഞു എന്ന് കേട്ടിട്ടുണ്ട്. പക്ഷേ, തനിക്ക് അതിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.