തിരുവനന്തപുരം: കുട്ടിക്കാലത്ത് തിയേറ്ററിൽപോയി സിനിമ കാണാൻ അധികം ഭാഗ്യം ലഭിച്ചിട്ടില്ലാത്ത യുവനടി നിഖില വിമലിന് കുട്ടികൾക്കു വേണ്ടിയുള്ള ചലച്ചിത്രമേള കാണാനെത്തിയപ്പോൾ ആശ്ചര്യം. കുട്ടികൾക്കൊപ്പം സെൽഫിയെടുത്തും കൊച്ചു വർത്തമാനം പറഞ്ഞും ഏറെ നേരം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്.പാപനാശത്തിന്‌ശേഷം ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ കാർത്തിയുടെ നായികയാകുന്നതിന്റെ സന്തോഷത്തിലാണ് താരം.
കുട്ടികൾ വിട്ടില്ല ഒന്നിനു പിറകെ ചോദ്യങ്ങൾ, കുഞ്ഞിക്കാന്റെ (ദുൽഖർ) കൂടെ ഒരു യമണ്ടൻ പ്രണയകഥയിൽ അഭിനയിച്ചല്ലോ, അദ്ദേഹം ആളെങ്ങനെയാണ്? 'ദുൽഖർ വളരെ സിംപിളാണ്. ഒരുപാട് ആരാധകരുള്ള ആളാണ്. അതിന്റെ ജാഡകളില്ല'
ഫഹദ് ഫാസിലിന്റെ കൂടെ അഭിനയിക്കുമ്പോഴോ? ചെറിയപേടിയുണ്ട്. അദ്ദേഹം ബ്രില്യന്റ് ആക്ടറാണ്. ഫഹദ് ആദ്യടേക്കിൽ എല്ലാം ഒകെയാക്കും. ഞാനഭിനയിച്ചത് ശരിയായോ എന്ന് സംശയംതോന്നും'
ഇഷ്ടപ്പെട്ട സിനിമ? അരവിന്ദന്റെ അതിഥികൾ. ആ സിനിമയുടെ ലൊക്കേഷൻ കുടുംബാന്തരീക്ഷംപോലെയായിരുന്നു. സിനിമ വിജയിച്ച് കഴിഞ്ഞ് 30 ദിവസം തിയേറ്റർ വിസിറ്റും ഉണ്ടായിരുന്നു. വിനീത് ശ്രീനിവാസന്റെ കൂടെയുള്ള അഭിനയം സൂപ്പറായിരുന്നു.
സിനിമയിൽ വന്നില്ലെങ്കിൽ ആരാകുമായിരുന്നു?
അമ്മ നർത്തകിയാണ് ഞാൻ പ്ലസ് ടു വരെ നൃത്തം അഭ്യസിച്ചിരുന്നു. അച്ഛൻ എഴുതും. അതുകൊണ്ട് ഒരു ആർട്ടിസ്റ്റ് ആകുമായിരുന്നു. സിനിമയിൽ വരുമെന്ന് സ്വപ്‌നംപോലും കണ്ടിരുന്നില്ല. തമിഴിൽ വിജയ്‌സേതുപതിക്കൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ട്. അപ്പോ ലാലേട്ടന്റെ കൂടെ അഭിനയിക്കില്ലേ?
ലാലേട്ടനൊപ്പം അഭിനയിക്കാൻ ഇഷ്ടമില്ലാത്ത ആരെങ്കിലുമുണ്ടോ?