തുടർച്ചയായ രണ്ടാം വർഷവും മാഞ്ചസ്റ്റർ സിറ്റിക്ക് ഇംഗ്ളീഷ് പ്രിമിയർ ലീഗ് കിരീടം
അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 4-1ന് ബ്രൈട്ടൺ ആൻഡ് ഹോവിനെ കീഴടക്കി
ലിവർപൂൾ രണ്ടാംസ്ഥാനത്ത് ,ചെൽസി മൂന്നാമത് ടോട്ടൻഹാം നാലാമത്
ലണ്ടൻ : അവസാന മത്സരം വരെ നീണ്ടുനിന്ന ആകാംക്ഷയ്ക്കൊടുവിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കൊമ്പന്മാർ ഇംഗ്ളീഷ് പ്രിമിയർ ലീഗ് കിരീടം നെറ്റിപ്പട്ടമായി മസ്തകത്തിൽ ചാർത്തി. തുടർച്ചയായ രണ്ടാംവർഷമാണ് മാഞ്ചസ്റ്റർ സിറ്റി പ്രിമിയർ ലീഗ് ചാമ്പ്യൻമാരാകുന്നത്.
അവസാന ലീഗ് മത്സരത്തിൽ ബ്രൈട്ടൺ ആൻഡ് ഹോവിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കിയാണ് പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന സിറ്റിയുടെ വീരൻമാർ കിരീടം നിലനിറുത്തിയത്. 38 കളികളിൽനിന്ന് 98 പോയിന്റുകളാണ് സിറ്റി ഇക്കുറി സ്വന്തമാക്കിയത്. അവസാന മത്സരത്തിന് മുമ്പ് സിറ്റിയുമായി ഒരു പോയിന്റ് മാത്രം പിന്നിലായിരുന്ന ലിവർ പൂൾ ഇന്നലെ വോൾവർ ഹാംപ്ടണിനെ 2- ത്തിന് കീഴടക്കിയെങ്കിലും രണ്ടാം സ്ഥാനക്കാരായി മാറാനേ കഴിഞ്ഞുള്ളൂ. 97 പോയിന്റുകളാണ് ലിവർ പൂളിന്റെ സമ്പാദ്യം.
ഇന്നലെ നടന്ന മറ്റു പ്രധാന മത്സരങ്ങളിൽ ചെൽസി ലെസ്റ്റർ സിറ്റിയുമായി ഗോളില്ലാ സമനിലയിൽ പിരിഞ്ഞപ്പോൾ ആഴ്സനൽ 3-1ന് ബേൺലിയെ കീഴടക്കി. ടോട്ടൻഹാം 2-2ന് എവർട്ടണുമായി സമനിലയിൽ കുരുങ്ങി. കാർഡിഫ് സിറ്റി 2-0ത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചു.
ചെൽസി 72 പോയിന്റുമായി മൂന്നാം സ്ഥാനത്തായപ്പോൾ ടോട്ടൻഹാം (71), ആഴ്സനൽ (70), മാഞ്ചസ്റ്റർ യുണൈറ്റഡ് (66) എന്നിവർ മൂന്നുമുതൽ ആറുവരെ സ്ഥാനങ്ങളിലെത്തി.
നിർണായക മത്സരത്തിൽ 27-ാം മിനിട്ടിൽ മുറേയിലൂടെ ബ്രൈട്ടൺ മുന്നിലെത്തിയിരുന്നെങ്കിലും 28-ം മിിട്ടിൽ സെർജി അഗ്യൂറോ, 38-ാം മിനിട്ടിൽ ലാപോർട്ടെ, 63-ാം മിനിട്ടിൽ മഹ്‌റേസ്, 72-ാം മിനിട്ടിൽ ഗുണ്ടോഗൻ എന്നിവർ നേടിയ ഗോളുകളാണ് സിറ്റിക്കുവിജയം നൽകിയത്. 17-ാം മിനിട്ടിലും 81-ാം മിനിട്ടിലും സാഡിയോ മാനേ നേടിയ ഗോളുകൾക്കാണ് വോൾവറിനെതിരെ ലിവർ പൂൾ വിജയം നേടിയത്.
പ്രിമിയർ ലീഗ് മത്സരഫലങ്ങൾ
മാഞ്ചസ്റ്റർ സിറ്റി 4-ബ്രൈട്ടൺ 1
ലിവർപൂൾ 2-വോൾവർ 0
ലെസ്റ്റർ സിറ്റി 0-ചെൽസി 0
കാർഡിഫ് 2-മാൻ. യുണൈറ്റഡ് 0
ടോട്ടൻഹാം 2-എവർട്ടൺ 2
ആഴ്സനൽ 3-ബേൺലി 1
ന്യൂകാസിൽ 4-ഫുൾഹാം 0
ക്രിസ്റ്റൽ പാലസ് 5-ബേൺ മൗത്ത് 0
സതാംപ്ടൺ 1-ഹഡേഴ്സ് 1
വെസ്റ്റ് ഹാം 4-വാറ്റ് ഫോർഡ് 1
പോയിന്റ് നില
മാഞ്ചസ്റ്റർ സിറ്റി 38-98
ലിവർപൂൾ 38-97
ചെൽസി 38-72
ടോട്ടൻഹാം 38-71
ആഴ്സനൽ 38-70
മാൻ. യുണൈറ്റഡ് 38-66
വോൾവർ 38-57
എവർട്ടൺ 38-54
ലെസ്റ്റർ 38-52
6
മാഞ്ചസ്റ്റർ സിറ്റി നേടുന്ന ഇംഗ്ളീഷ് ഫസ്റ്റ് ഡിവിഷൻ ലീഗ് കിരീടങ്ങളുടെ എണ്ണം. ആദ്യ കിരീടം 1936-37 സീസണിൽ
98
ഇംഗ്ളീഷ് പ്രിമിയർ ലീഗിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പോയിന്റ് നില. കഴിഞ്ഞ സീസണിൽ സിറ്റി നേടിയ 100 പോയിന്റാണ് ഏറ്റവും ഉയർന്നത്.
2009 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ശേഷം ഇംഗ്ളീഷ് പ്രിമിയർ ലീഗ് കിരീടം നില നിറുത്തുന്ന ആദ്യ ടീമാണ് മാഞ്ചസ്റ്റർ സിറ്റി .
90 പോയിന്റിന് മുകളിൽ നേടിയിട്ടും പ്രിമിയർ ലീഗ് കിരീടം നേടാനാകാത്ത ആദ്യ ടീമാണ് ലിവർപൂൾ