1

ശബരിമല: യുവതീ പ്രവേശന വിഷയത്തിൽ തിരഞ്ഞെടുപ്പ് കാലത്ത് സർക്കാർ സ്വീകരിച്ച നിലപാടിൽ മാറ്റമുണ്ടായാൽ പ്രതിരോധിക്കാർ ഹൈന്ദവ സംഘടനകൾ ശബരിമലയിലേക്ക്. പ്രതിഷേധം മുന്നിൽ കണ്ട് സന്നിധാനത്തും പമ്പയിലും പൊലീസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തി. തിരഞ്ഞെടുപ്പ് സമയത്ത് യുവതീ പ്രവേശനത്തിൽ നിന്ന് സർക്കാർ പിന്നാക്കം മാറിയിരുന്നു. നിലയ്ക്കലിൽ പരിശോധന നടത്തി യുവതികളെ തിരിച്ചുവിടുന്ന സാഹചര്യമുണ്ടായിരുന്നു. യുവതികളെ കയറ്റിയാലുണ്ടാവുന്ന വിവാദം തിരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടാണ് സർക്കാർ മുൻ നിലപാടിൽ നിന്ന് അയഞ്ഞത്.

എന്നാൽ ഇടവമാസ പൂജകൾക്ക് നാളെ നട തുറക്കുമ്പോൾ സർക്കാർ മുൻ നിലപാടിലേക്ക് പോയേക്കുമെന്നാണ് വിവിധ ഹൈന്ദവ - സംഘപരിവാർ സംഘടനകളുടെ വിലയിരുത്തൽ. യുവതീ പ്രവേശനം എന്ത് വിലകൊടുത്തും ചെറുക്കുമെന്ന നിലപാടിൽ ഇവർ സന്നിധാനത്തേക്ക് പുറപ്പെട്ട് കഴിഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് ശബരിമലയിൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസിലോ സ്വകാര്യ വാഹങ്ങളിലോ എത്തുന്ന യുവതികളെ നിലയ്ക്കലിൽ പരിശോധന നടത്തി തിരിച്ചയയ്ക്കുകയായിരുന്നു. വോട്ടെടുപ്പ് പൂർത്തിയായി ഫലം വരാൻ ദിവസങ്ങൾ ശേഷിക്കെ സർക്കാർ മുൻ നിലപാടിലേക്ക് പോയാൽ ശക്തമായ പ്രതിരോധം തീർക്കാനാണ് സംഘപരിവാർ നീക്കം.

ഇടവ മാസപൂജകൾക്ക് നാളെ വൈകിട്ട് 5ന് നട തുറക്കും. അഞ്ച് ദിവസത്തെ പൂജകൾക്ക് ശേഷം 19ന് രാത്രി 11 ഹരിവരാസനം പാടി നട അടയ്ക്കും. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടുന്നില്ല. നിലയ്ക്കലിലാണ് സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിംഗ് ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസ് മാത്രമാണ് സർവീസ് നടത്തുക.